ന്യൂദല്‍ഹി: റിയോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഗുസ്തി താരം സാക്ഷി മാലിക്കിനും ബാഡ്മിന്റണ്‍ ഫൈനലിലെത്തി മെഡലുറപ്പിച്ച പി.വി.സിന്ധുവിനും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്‌ന പുരസ്‌കാരം നല്‍കും. റിയോ ഒളിമ്പിക്സില്‍ രാജ്യത്തിന്റെ അഭിമാനമായതിന് തൊട്ടുപിന്നാലെയാണ് കായികമന്ത്രാലയത്തിന്റെ തീരുമാനം.
ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി മാലിക്കിന് ഇതുവരെ അര്‍ജ്ജുന അവാര്‍ഡ് പോലും ലഭിച്ചിട്ടില്ല. എങ്കിലും ഒളിമ്പിക് മെഡല്‍ നേടിയ പശ്ചാത്തലത്തില്‍ സാക്ഷിയെ നേരിട്ട് ഖേല്‍ രത്‌നയ്‌ക്കായി കായികമന്ത്രാലയം പരിഗണിക്കുകയായിരുന്നു. ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന കായിക താരങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന കായികനയംകൂടി പരിഗണിച്ചാണ് മന്ത്രാലയത്തിന്റെ നടപടി.
















