റിയോ ഡി ജനീറോ: വനിതകളുടെ 400 മീറ്ററിൽ അപ്രതീക്ഷിത നീക്കത്തിലൂടെ സ്വർണ്ണം ബഹ്മാസിന്റെ ഷോണെ മില്ലറിന്. ഫിനിഷിങ്ങ് ലൈനിലേക്ക് ഡൈവ് ചെയ്താണ് ഷോണെ മില്ലർ സ്വർണ്ണം നേടിയത്. ഫോട്ടോ ഫിനിഷിലേക്കെന്ന് തോന്നിച്ച മത്സരത്തിന്റെ അവസാനം എതിരാളിയായ യുഎസിന്റെ അലിസൺ ഫെലിക്‌സിനെ പിന്തള്ളാനാണ് ഷോണെ മില്ലെർ ഡൈവ് ചെയ്ത് ഫിനിഷിങ് ലൈൻ തൊട്ടത്. ആ ഡൈവിലൂടെ മില്ലർക്ക് സ്വർണ്ണവും ലഭിച്ചു. മില്ലർ 49.44 സെക്കൻഡിലും ഫെലിക്‌സ് 49.51 സെക്കൻഡിലും ഫിനിഷ്‌ലൈൻ കടന്നു. 49.85 സെക്കൻഡിൽ ഓടിയെത്തിയ ജമൈക്കയുടെ ഷെറിക്ക ജാക്‌സൺ വെങ്കലവും നേടി.
സ്‌റ്റേഡിയത്തിലെത്തിയ കാണികൾ ആരാണ് ആദ്യം ഫിനിഷ് ചെയ്തതെന്ന ആശയക്കുഴപ്പത്തിൽ നിൽക്കേ സ്‌ക്രീനിൽ ഫലം തെളിഞ്ഞു. സ്വർണം മില്ലെറിനും വെള്ളി അലിസണും! ഉറപ്പിച്ച സ്വർണം ഇത്തരമൊരു നീക്കത്തിലൂടെ നഷ്ടപ്പെടുന്നത് സഹിക്കാനാകുന്നില്ലെന്നായിരുന്നു സ്വർണ നഷ്ടത്തെക്കുറിച്ച് അലിസൺ ഫെലിക്‌സിന്റെ പ്രതികരണം.
അതേസമയം, ഫിനിഷിങ് ലൈനിലേക്ക് ഡൈവ് ചെയ്യുന്ന കാര്യം നേരത്തെ തീരുമാനിച്ചിരുന്നില്ലെന്നും അപ്പോൾ തോന്നിയതുകൊണ്ട് ചെയ്തതാണെന്നും മില്ലർ പറഞ്ഞു. ഇതിനിടെ മില്ലറിന് സ്വർണം നൽകാനുള്ള തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ രംഗത്തെത്തി. എന്നാൽ, മില്ലർ ഡൈവ് ചെയ്തതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ആദ്യം ഫിനിഷിങ് ലൈൻ തൊട്ടത് അവരായതിനാൽ സ്വർണവും അവർക്കു തന്നെയാണെന്നുമാണെന്നായിരുന്നു രാജ്യാന്തര ഒളിമ്പിക് അസോസിയേഷന്റെ നിലപാട്.
















