ന്യൂദല്‍ഹി: ഒളിമ്പിക്‌സില്‍ ഗോദയില്‍ ഇറങ്ങുംമുമ്പ് ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവിന് തിരിച്ചടി. മത്സരത്തിനുമുമ്പ് നര്‍സിങ് അന്താരാഷ്‌ട്ര ഉത്തേജക വിരുദ്ധ സമിതി (വാഡ) ക്കു മുന്നില്‍ ഹാജരാകണം. വെള്ളിയാഴ്ചയാണ് സര്‍സിംഗിന്റെ മത്സരം നടക്കേണ്ടത്.
നര്‍സിങിനെ കുറ്റവിമുക്തനാക്കിയ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) നടപടി അംഗീകരിക്കാനാവില്ലെന്ന് വാഡ അറിയിച്ചു. നാഡയുടെ നടപടിക്കെതിരേ ആര്‍ബിട്രേഷന്‍ കോടതിയില്‍ അപ്പീല്‍ പോകാന്‍ ഒരുങ്ങുകയാണ് വാഡ.
നേരത്തെ, ഉത്തേജകമരുന്ന് വിവാദത്തില്‍പ്പെട്ട ഗുസ്തിതാരം നര്‍സിങ് യാദവിനു മത്സരിക്കാന്‍ ദേശീയ ഉത്തേജകവിരുദ്ധ സമിതി (നാഡ) അനുമതി നല്‍കുകയായിരുന്നു. 74 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ മത്സരിക്കാനിരിക്കെയായിരുന്നു യാദവ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത്.
എന്നാല്‍, താന്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും തനിക്കു നല്‍കിയ ഭക്ഷണത്തില്‍ ആരോ ഉത്തേജകമരുന്ന് കലര്‍ത്തിയതാണെന്നും യാദവ് വാദിച്ചു.
നാഡ നടത്തിയ അന്വേഷണത്തില്‍ നര്‍സിങിന്റെ വാദത്തില്‍ കഴമ്പുണ്ടെന്നാണു കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണു ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ നാഡ അദ്ദേഹത്തിന് അനുമതി നല്‍കിയത്. തന്റേതല്ലാത്ത കുറ്റത്തിന്റെ പേരില്‍ ഒരു കായികതാരത്തിന്റെ ഒളിമ്പിക് സ്വപ്നങ്ങള്‍ ഇല്ലാതാക്കുന്നത് തെറ്റാണെന്നാണു നാഡയുടെ തീരുമാനം.
രണ്ടു തവണ ഉത്തേജകമരുന്ന് പരിശോധനയില്‍ നര്‍സിങ് പരാജയപ്പട്ടിരുന്നു. നിരോധിത മരുന്നായ മെത്താന്റിനോണിന്റെ അംശമാണു നര്‍സിങിന്റെ ശരീരത്തില്‍ കണ്ടെത്തിയത്.
















