റിയോ ഡി ജനീറോ: ഒളിമ്പിക്‌സ് ഫുട്‌ബോളിൽ കന്നി സ്വർണ്ണം ലക്ഷ്യമിട്ട് മുന്നേറുന്ന ജർമ്മനിയും ബ്രസീലും നേട്ടത്തിലേക്ക് ഒരുപടി കൂടി അടുത്തു. ഇരു ടീമുകളും സെമിയിൽ പ്രവേശിച്ചു. ഇവർക്കൊപ്പം നൈജീരിയയും ഹോണ്ടുറാസും അവസാന നാലിൽ ഇടംപിടിച്ചു.
ബ്രസീൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കൊളംബിയയെയും ജർമ്മനി മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് പോർച്ചുഗലിനെയും തകർത്തപ്പോൾ നൈജീരിയ 2-0ന് ഡെന്മാർക്കിനെയും ഹോണ്ടുറാസ് 1-0ന് ഏഷ്യൻ ശക്തികളായ ദക്ഷിണ കൊറിയയെയും പരാജയപ്പെടുത്തിയാണ് അവസാന നാലിൽ സ്ഥാനമുറപ്പിച്ചത്. സെമിയിൽ ബ്രസീലിന് എതിരാളികൾ ഹോണ്ടുറാസും ജർമ്മനിക്ക് നൈജീരിയയും. ബുധനാഴ്ചയാണ് സെമി മത്സരങ്ങൾ.
കൊളംബിയക്കെതിരായ കളിയുടെ 12-ാം മിനിറ്റിൽ മനോഹരമായ ഫ്രീകിക്കിലൂടെ ക്യാപ്റ്റൻ നെയ്‌മർ കാനറികളുടെ ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ കൊളംബിയ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ 83-ാം മിനിറ്റിൽ ലുവാൻ വിയേറയിലൂടെ ബ്രസീൽ പട്ടിക പൂർത്തിയാക്കി.
പോർച്ചുഗലിനെതിരെ മത്സരത്തിൽ ജർമ്മനി ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് സെർജി ഗാബ്രിയിലൂടെ ലീഡ് നേടിയത്. പിന്നീട് 57-ാം മിനിറ്റിൽ മാത്ത്യാസ് ഗിന്ററും 75-ാം മിനിറ്റിൽ ഡേവി ഷിൽക്കെയും 87-ാം മിനിറ്റിൽ ഫിലിപ്പ് മാക്‌സും ജർമ്മനിക്കായി ലക്ഷ്യം കണ്ടു.
ഡെന്മാർക്കിനെ 15-ാം മിനിറ്റിൽ ജോൺ ഒബി മൈക്കലും 59-ാം മിനിറ്റിൽ അമിനു ഉമറും നേടിയ ഗോളുകൾക്കാണ് നൈജീരിയ കീഴടക്കിയത്. ദക്ഷിണകൊറിയക്കെതിരായ മത്സരത്തിൽ ഹോണ്ടുറാസിന്റെ വിജയഗോൾ നേടിയത് 59-ാം മിനിറ്റിൽ ആൽബർട്ട് ഏലിയാസ്. ആദ്യമായാണ് ഹോണ്ടുറാസ് ഒളിമ്പിക്‌സ് ഫുട്‌ബോളിന്റെ സെമിയിൽ പ്രവേശിക്കുന്നത്.
















