റിയോ ഡി ജനീറോ: സ്വർണ്ണനേട്ടത്തോടെ നീന്തൽക്കുളത്തിലെ ഇതിഹാസം വിടവാങ്ങി. ഇന്നലെ 4-100 മീറ്റർ മെഡ്‌ലെ റിലേയിൽ പൊന്നണിഞ്ഞാണ് ഫെൽപ്‌സ് എന്ന നീന്തൽക്കുളത്തിലെ പകരംവെക്കാനില്ലാത്ത ചക്രവർത്തി അരങ്ങൊഴിഞ്ഞത്.
ഫെൽപ്‌സിനൊപ്പം റയാൻ മർഫി, കോടി മില്ലർ. നഥാൻ അഡ്രിയാൻ എന്നിവരടങ്ങിയ ടീം 3 മിനിറ്റും 27:95 സെക്കൻഡും കൊണ്ടാണ് ഒളിമ്പിക് റെക്കോഡോടെ റിലേയിൽ സ്വർണം നേടിയത്. അവസാന ഒളിമ്പിക്‌സിനെത്തിയെഫൽപ്‌സ് മത്സരിച്ച ആറിനങ്ങളിൽ അഞ്ചിലും സ്വർണ്ണം നേടി. ഒരു വെള്ളിയും. നൂറ് മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്കിൽ സിംഗപ്പൂർ താരം ജോസഫ് സ്‌കൂളിങാണ് ഫെൽപ്‌സിന്റെ ആറാം സ്വർണ്ണം തട്ടിത്തെറിപ്പിച്ചത്.
അമേരിക്കയ്‌ക്കായി അഞ്ച് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ആദ്യ അമേരിക്കൻ നീന്തൽ താരമാണ് ഫെൽപ്‌സ്. 16 വർഷം നീണ്ടു നിന്ന കരിയറിൽ 39 റെക്കോഡുകൾ അദ്ദേഹം തിരുത്തി കുറിച്ചു. 2000 ലെ സിഡ്‌നി ഒളിമ്പിക്‌സാണ് ഫെൽപ്‌സിന്റെ ആദ്യ ഒളിമ്പിക്‌സ്. അഞ്ച് ഒളിമ്പിക്‌സുകളിൽ നിന്നായി 23 സ്വർണവും 3 വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പടെ 28 മെഡലുകളാണ് ഫെൽപ്‌സ് വാരികൂട്ടിയത്.
















