കണ്ണൂര്‍ സിറ്റി: ഒരു കൂട്ടം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഓര്‍മ്മകള്‍ പുതുക്കുവാനായി തോപ്പുസ്‌ക്കൂളിലെത്തിയത് നല്ല ചൂടുള്ള വിഭവങ്ങളുമായി. പേരിട്ടതും പേരിടാത്തതുമായ അനവധി വിഭവങ്ങളുടെ കൂടിച്ചേരലായി മാറി ഓര്‍മ്മത്തോപ്പ് ഫുഡ്‌ഫെസ്റ്റ്.
ദീനുല്‍ ഇസ്ലാം സഭ ജിഎച്ച്എസ്എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്‌മയായ ഓര്‍മ്മത്തോപ്പിന്റെ ആഭിമുഖ്യത്തില്‍ സപ്തംബര്‍ 18ന് നടക്കാനിരിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തോടനുബന്ധിച്ച് നടന്ന ഫുഡ്‌ഫെസ്റ്റിലാണ് കൊതിയൂറും വിഭവങ്ങളുടെ സമാഗമം അരങ്ങേറിയത്.
ഫുഡ്‌ഫെസ്റ്റ് നിക്ഷാന്‍ ഇലക്‌ടോണിക്‌സ് എംഡി എംഎംവി മൊയ്തു ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഒ മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സി സമീര്‍, ഹെഡ്മിസ്ട്രസ് കെഎം സാബിറ, പിടിഎ പ്രസിഡണ്ട് ടി ശറഫുദ്ധീന്‍, സി ഉമ്മര്‍ ഫാറൂഖ്, ഇ മുഹമ്മദ് റുഷ്ദി, നിസാര്‍ സൂപ്പിയാറകത്ത്, സത്താര്‍ എഞ്ചിനീയര്‍, ടി മുഹമ്മദ്, അശ്രഫ് കൂമ്പയില്‍, സമീറ ജെഎം, സികെ ഉനൈസ് എന്നിവര്‍ സംബന്ധിച്ചു.
പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 150 ല്‍ പരം വിഭവങ്ങള്‍ പ്രദര്‍ശനത്തിനെത്തി. അന്താരാഷ്‌ട്ര പയര്‍ വര്‍ഷാചരണത്തിന്റെ ഭാഗമായി പ്രത്യേക പയര്‍ കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍ ഫുഡ്‌ഫെസ്റ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റി.
മത്സരത്തിനെത്തിയ വിഭവങ്ങള്‍ പൊതുജനങ്ങള്‍ക്ക് വാങ്ങുവാനും സംഘാടകര്‍ അവസരമൊരുക്കിയിരുന്നു. ഓര്‍മ്മത്തോപ്പിനോടനുബന്ധിച്ച് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കായി നാളെ സക്കൂള്‍ ഹാളില്‍ വെച്ച് ക്വിസ് മത്സരം ഒരുക്കിയതായും സംഘാടകര്‍ അറിയിച്ചു.
















