നദാലും മാര്‍ക്ക് ലോപ്പസും സ്വര്‍ണ്ണവുമായി
റിയോ ഡി ജനീറോ: പുരുഷന്മാരുടെ ഡബിൾസ് സ്വർണ്ണം സ്‌പെയിനിന്. ആറാം സീഡുകളായ റാഫേൽ നദാൽ-മാർക്ക് ലോപ്പസ് സഖ്യമാണ് സ്വർണ്ണം നേടിയത്. ഫൈനലിൽ അഞ്ചാം സീഡ് റുമാനിയയുടെ ഫ്‌ളോറിൻ മെർഗിയ-ഹോറിയ ടീക്കൗ സഖ്യത്തെയാണ് പരാജയ നദാൽ സഖ്യം പരാജയപ്പെടുത്തിയത്.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ 6-2, 3-6, 6-4 എന്ന ക്രമത്തിലാണ് നദാൽ സഖ്യം ജയിച്ചുകയറിയത്. ഒളിമ്പിക്‌സിലെ രണ്ടാം സ്വർണ്ണമാണ് നദാൽ സ്വന്തമാക്കിയത്. 2008 ബെയ്ജിംഗ് ഒളിമ്പിക്‌സിൽ നദാൽ സിംഗിൾസിൽ സ്വർണ്ണ മെഡൽ നേടിയിരുന്നു.
ഇത്തവണയും രണ്ട് സ്വർണ്ണമാണ് നദാൽ ലക്ഷ്യമിടുന്നത്. പുരുഷ സിംഗിൾസിൽ നദാൽ സെമിയിലെത്തിയിട്ടുണ്ട്. ലോക ഒന്നാം നമ്പർ നൊവാക് ദ്യേക്കോവിച്ചിനെ തോൽപ്പിച്ച അർജന്റീനക്കാരൻ യുവാൻ മാർട്ടിൻ ഡെൽപോട്രോയാണ് സെമിയിൽ നദാലിന്റെ എതിരാളി.
















