റിയോ ഡി ജനീറോ: ഇന്ത്യൻ ബോക്സർ വികാസ് കൃഷ്ണന്റെ ഒളിമ്പിക് മെഡൽ എന്ന മോഹം ഒരു വിജയം അകലെ. 75 കി.ഗ്രാം മിഡിൽ വെയ്റ്റ് വിഭാഗത്തിൽ വികാസ് ക്വാർട്ടറിലെത്തിയതോടെയാണ് ഒളിമ്പിക് മെഡൽ ഒരൊറ്റ വിജയമകലെ എത്തിയത്.
അടുത്ത മത്സരത്തിലും വിജയിച്ച് സെമിയിൽ കടന്നാൽ വെങ്കലം ഉറപ്പ്. ഇന്നലെ പ്രീ ക്വാർട്ടറിൽ തുർക്കിയുടെ ഓൻഡർ സിപലിനെ 3-0ത്തിന് കീഴടക്കിയാണ് വികാസ് അവസാന എട്ടിലെത്തിയത്. ആദ്യ റൗണ്ടിൽ വികാസിന്റെ പഞ്ചു കൊണ്ട് എതിരാളിയുടെ വലതു കണ്ണിനു മുകളിൽ പരിക്കേറ്റിരുന്നു.
ചൊവ്വാഴ്ച്ച പുലർച്ചെ 3.30ന് ഉസ്ബെക്കിസ്ഥാന്റെ ബെക്തമിർ മെലിക്കുസെയ്വുമായാണ് ക്വാർട്ടർ പോരാട്ടം. 2015-ൽ ദോഹയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവും അതേവർഷം ബാങ്കോക്കിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ സ്വർണ്ണ ജേതാവുമാണ് ബെക്തമിർ മെലിക്കുസെയ്വ്. 2014ലെ യൂത്ത് ഒളിമ്പിക്സിൽ സ്വർണ്ണവും ഉസ്ബക്ക് താരം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏഷ്യൻ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം ഉസ്ബക്ക് താരത്തിനൊപ്പമായിരുന്നു. ആ പരാജയത്തിന് പകരം വീട്ടാനുള്ള സുവർണ്ണാവസരം കൂടിയാണ് വികാസിന് ഇപ്പോൾ കൈവന്നിരിക്കുന്നത്.
ആദ്യ റൗണ്ടിൽ വികാസ് കൃഷ്ണൻ അമേരിക്കയുടെ ചാൾസ് കോൺവെല്ലിനെയും ഏകപക്ഷീയമായി പരാജയപ്പെടുത്തിയിരുന്നു. ക്വാർട്ടറിൽ ഉസ്ബക്ക് താരത്തെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ സ്വർണ്ണം നേടുമെന്നും വികാസ് പറഞ്ഞു. ഒന്നുകിൽ ഒഴിഞ്ഞ കയ്യുമായി, അല്ലെങ്കിൽ സ്വർണ്ണവുമായി അല്ലാതെ വെള്ളിയും വെങ്കലവുമായി മടങ്ങിയെത്തില്ല, വികാസ് കൂട്ടിച്ചേർത്തു.
















