ഫിജി ടീം അംഗങ്ങളുടെ ആഹ്ലാദം
റിയോ ഡി ജനീറോ: ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായി മത്സരയിനമായി ഉൾപ്പെടുത്തിയ റഗ്ബി സെവൻസിൽ പുരുഷവിഭാഗത്തിൽ ഫിജിക്കും വനിതകളുടെ വിഭാഗത്തിൽ ഓസ്‌ട്രേലിയക്കും സ്വർണ്ണം. ഫിജിയുടെ കായിക ചരിത്രത്തിലെ ആദ്യ ഒളിമ്പിക് മെഡലാണിത്. അത് സ്വർണ്ണമായതോടെ നേട്ടം കൂടുതൽ ഗംഭീരമായി.
പുരുഷ ഫൈനലിൽ ബ്രിട്ടനെ 43-7ന് പരാജയപ്പെടുത്തിയാണ് മുൻ ലോകചാമ്പ്യന്മാരായ ഫിജി സ്വർണ്ണം നേടിയത്. ജപ്പാനെ 54-14ന് കീഴടക്കി ദക്ഷിണാഫ്രിക്ക വെങ്കലം നേടി. ഫിജിയുടെ ദേശീയ കായിക വിനോദം കൂടിയാണ് റഗ്ബി സെവൻസ്. 1997ലും 2005ലുമാണ് ഫിജി ഈയിനത്തിൽ ലോക ചാമ്പ്യന്മാരായിരുന്നത്.
വനിതാ വിഭാഗത്തിൽ ഓസ്‌ട്രേലിയ പൊന്നണിഞ്ഞു. ഫൈനലിൽ ന്യൂസിലാൻഡിനെ 24-17ന് കീഴടക്കി. ബ്രിട്ടനെ 33-10 പരാജയപ്പെടുത്തിയ കാനഡ വെങ്കലം നേടി.
















