ഹരിപ്പാട്: കായംകുളം താപവൈദ്യുത നിലയത്തിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമിയില്‍ താവളമടിച്ചിരിക്കുന്ന പക്ഷികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രകൃതിസ്‌നേഹിയായ അദ്ധ്യാപകന്റെ ഒറ്റയാള്‍ പോരാട്ടം.
ദേവസ്വംബോര്‍ഡ് സ്‌ക്കൂള്‍ അദ്ധ്യാപകന്‍ ഹരിപ്പാട് പുത്തന്‍പുരയില്‍ ജി. രാധാകൃഷ്ണനാണ് ഒരു പകല്‍ മുഴുവന്‍ പ്രകൃതിയിലെ സഹജീവികളായ പക്ഷികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുമേന്തി നില്‍പ്പ് സമരം നടത്തിയത്.
ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര ജംഗ്ഷന് തെക്ക് പോലീസ് സ്റ്റേഷന് ചുറ്റുമുള്ള പുല്‍ത്തകിടിയിലും ചതുപ്പ് നിലത്തിലുമാണ് വിവിധതരം പക്ഷികള്‍ പാര്‍ക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായി റെഡ്‌കൊളാര്‍ഡ് ഡോവിനേയും, ചെമ്പുവാലന്‍ പാറക്കിളിയേയും കണ്ടെത്തിയത് ഇവിടെയാണ്. ഇവയെ കൂടാതെ വാനമ്പാടി, പനംകാക്ക, അങ്ങാടിക്കുരുവി, ചെങ്കണ്ണി തിത്തിലി, മഞ്ഞകണ്ണി തിത്തിലി, മഞ്ഞവാല് കുറുകി, ചെമ്പുകൊട്ടി, പുള്ളുക്കാടക്കൊക്ക്, നാട്ടുപനംകൊത്തി, പൊന്‍മണല്‍ കോഴി, വയല്‍ക്കോഴി, നാട്ടുബുള്‍ബുള്‍, നാട്ടുവേലി തത്ത, നീലക്കോഴി, താമരക്കോഴി, മീന്‍കൊത്തി ചാത്തന്‍, നീര്‍കാക്ക തുടങ്ങിയ പക്ഷികള്‍ ജീവിക്കുന്നിടമാണ് ഇപ്പോള്‍ ഈ പുല്‍മേട്. എന്നാല്‍ ഇത് സംരക്ഷിക്കുവാന്‍ അധികൃതര്‍ യാതൊരു ശ്രമവും നടത്തിയിട്ടില്ല.
ഇരുപത്തിയഞ്ച് ഏക്കര്‍ വിസ്തൃതി വരുന്ന ഈ സ്ഥലം പക്ഷിസങ്കേത വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് രാധാകൃഷ്ണന്റെ ആവശ്യം. എന്നാല്‍ ഇപ്പോള്‍ ഇവിടെ സാമൂഹ്യവിരുദ്ധന്മാരുടേയും മദ്യപന്മാരുടേയും ശല്യം ഏറിയിട്ടുണ്ട്. പുല്‍മേടുകള്‍ക്ക് തീയിടുന്നതും ഡ്രൈവിംഗ് സ്‌ക്കൂളുകാര്‍ വാഹനം ഓടിക്കാന്‍ പരിശീലനം നടത്തുന്നതും പക്ഷികളുടെ വംശവര്‍ദ്ധനത്തിന് തടസ്സമായിട്ടുണ്ടെന്ന് രാധാകൃഷ്ണന്‍ പറയുന്നു.
















