ബെർലിൻ: ജർമനിയിൽ ബുർഖയ്‌ക്ക് നിരോധനം വരുമെന്ന് റിപ്പോർട്ടുകൾ. രാജ്യത്ത് ഭീകരാക്രമണങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് സർക്കാർ ബുർഖയ്‌ക്ക് നിരോധനം ഏർപ്പെടുത്താൻ പോകുന്നതായുള്ള സൂചനകൾ നൽകിയത്.
നിലവിൽ രാജ്യത്ത് ബുർഖ ധരിക്കുന്നതിന് നിയന്ത്രണമില്ല. എന്നാൽ തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. കുടിയേറ്റക്കാരെ നാടുകടത്താനുള്ള നടപടികളും ജർമ്മനി സ്വീകരിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. രാജ്യത്ത് ഇരട്ട പൗരത്വം ഇനി അനുവദിക്കില്ലെന്നും സൂചനകളുണ്ട്. ആഭ്യന്തര മന്ത്രി തോമസ് മൈസീർ നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായിട്ടാണ് പുതിയ നടപടികൾ സ്വീകരിക്കുന്നത്.
കഴിഞ്ഞ മാസം അഫ്ഗാൻ സ്വദേശിയായ യുവാവ് മഴു ഉപയോഗിച്ച് ട്രെയിനിൽ ആക്രമണം നടത്തിയിരുന്നു. പിന്നീട് സംഗീത പരിപാടിക്കിടെയും സ്ഫോടനം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നടപടികൾ സ്വീകരിക്കുന്നത്.
















