റിയോ ഡി ജനീറോ: ഇന്ത്യൻ പ്രതീക്ഷകൾക്ക് നിറം പകരാൻ ബാഡ്മിന്റൺ താരങ്ങൾ ഇന്ന് കോർട്ടിലിറങ്ങും. മുൻ ലോക ഒന്നാം നമ്പറും ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേത്രിയുമായ സൈന നെഹ്‌വാൾ, തുടർച്ചയായി രണ്ട് ലോക ചാമ്പ്യൻഷിപ്പുകളിൽ വെങ്കലം നേടിയ പി.വി. സിന്ധു എന്നിവർ വനിതാ സിംഗിൾസിൽ കളത്തിലെത്തും.
പുരുഷ സിംഗിൾസിൽ കെ. ശ്രീകാന്തും വനിതാ ഡബിൾസിൽ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യവും പുരുഷ ഡബിൾസിൽ മനു അത്രി-സുമിത് റെഡ്ഡി സഖ്യവും ഇന്ന് ആദ്യ പോരാട്ടത്തിനെത്തും.
ഗ്രൂപ്പ് ജിയിൽ അഞ്ചാം സീഡ് സൈനക്ക് ആദ്യ റൗണ്ടിൽ ബ്രസീലിന്റെ ലോഹെയ്‌നി വിൻസെന്റ ആദ്യ എതിരാളി. രാത്രി 7.50ന് മത്സരം. രണ്ടാം മത്സരത്തിൽ 14ന് ഉക്രെയിനിന്റെ മരിയ ഉലിട്ടിനയുമായി കളിക്കും. ഗ്രൂപ്പ് എമ്മിൽ സിന്ധുവിന്റെ എതിരാളി ഹംഗറിയുടെ ലൗറ സരോസി. വൈകിട്ട് 6.40ന് കളി. ഞായറാഴ്ച രാത്രി 7.45ന് രണ്ടാം മത്സരത്തിൽ കനേഡിയൻ താരം മൈക്കലെ ലി എതിരാളി.
പുരുഷ സിംഗിൾസിൽ ഗ്രൂപ്പ് എച്ചിൽ കെ. ശ്രീകാന്ത് നാളെ പുലർച്ചെ 5.35ന് മെക്‌സിക്കോയുടെ ലിനോ മുനോസുമായും ഞായറാഴ്ച രാത്രി 7.30ന് സ്വീഡന്റെ ഹെൻറി ഹർസ്‌കെയിനുമായും ഏറ്റുമുട്ടും.
വനിതാ ഡബിൾസിൽ ഗ്രൂപ്പ് എയിൽ വൈകിട്ട് 4.30ന് ജ്വാലഗുട്ട-അശ്വിനി പൊന്നപ്പ സഖ്യത്തിന് ജാപ്പനീസ് താരങ്ങളായ മിസാകി മാറ്റ്‌സുറ്റോമോ-അയാകാ തകാഹാഷി ജോഡികളാണ് എതിരാളികൾ. പുരുഷ ഡബിൾസിൽ മനു അത്രി-സുമീത് റെഡ്ഡി സഖ്യത്തിന് ഇന്തോനേഷ്യൻ താരങ്ങളാണ് എതിരാളികൾ.
















