റിയോ ഡി ജനീറോ: ബോക്‌സിങ് റിങിൽ ഇന്ത്യക്ക് വിജയത്തുടക്കം. 75 കി.ഗ്രാം മിഡിൽവെയ്റ്റ് വിഭാഗത്തിൽ വികാസ് കൃഷ്ണനാണ് വിജയം നേടിയത്. അമേരിക്കയുടെ ചാൾസ് കോൺവാലിനെയാണ് വികാസ് ഇടിച്ചിട്ടത്. വിജയത്തോടെ വികാസ് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ശനിയാഴ്ച പുലർച്ചെ 3.45ന് നടക്കുന്ന പ്രീക്വാർട്ടറിൽ തുർക്കിയുടെ ഒൺഡർ സിപലാണ് വികാസിന്റെ എതിരാളി.
പതിനെട്ടുകാരനായ ചാൾസ് കോൺവാലിനെതിരെ ആധികാരിക ജയമാണ് 2010ലെ ഗ്വാങ്ഷു ഏഷ്യൻ ഗെയിംസ് സ്വർണ്ണമെഡൽ ജേതാവായ വികാസ് നേടിയത്.
കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ മത്സരിച്ച വികാസ് കൃഷ്ണന് ആദ്യ റൗണ്ടിൽ ബൈ ലഭിച്ചു. എന്നാൽ പ്രീ ക്വാർട്ടറിൽ അമേരിക്കയുടെ എറോൾ സ്‌പെൻസിനെതിരെ പരാജയപ്പെട്ട് പുറത്തുപോയിരുന്നു.ക്വാർട്ടറിൽ നിരാശയോടെ പുറത്താകേണ്ടിവന്ന വികാസ് ഇത്തവണ മെഡൽ നേടാനുറച്ചാണ് റിയോയിലെത്തിയത്. 2014ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ മിഡിൽവെയ്റ്റ് വിഭാഗത്തിൽ വെങ്കലവും കഴിഞ്ഞ വർഷം ബാങ്കോക്കിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിയും വികാസ് നേടിയിട്ടുണ്ട്.
















