റിയോ ഡി ജനീറോ: ടെന്നീസ് വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ അമേരിക്കയുടെ സെറീന വില്ല്യംസ്, രണ്ടാം സീഡ് ജർമ്മനിയുടെ ആഞ്ചലിക് കെർബർ, മൂന്നാം സീഡ് സ്പാനിഷ് സുന്ദരി ഗാർബിന മുഗുരസ തുടങ്ങിയവർ മൂന്നാം റൗണ്ടിലെത്തി.
രണ്ടാം റൗണ്ടിൽ ഫ്രാൻസിന്റെ അലിസ കോർനെറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സെറീനയുടെ വിജയം. സ്‌കോർ: 7-6, 6-2. ആഞ്ചലിക് കെർബർ കനേഡിയൻ താരം യൂജിൻ ബുച്ചാർഡിനെ 6-4, 6-2 എന്ന ക്രമത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് രണ്ടാം റൗണ്ടിൽ പരാജയപ്പെടുത്തി. മുഗുരുസ ജപ്പാൻ എതിരാളിക്ക് ഒന്ന് പൊരുതാൻ പോലും അവസരം നൽകാതെ 6-1, 6-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.
ഏഴാം സീഡ് അമേരിക്കയുടെ മാഡിസൺ കെയ്‌സ്, എട്ടാം സീഡ് റഷ്യയുടെ സ്വറ്റ്‌ലാന കുസ്‌നെറ്റ്‌സോവ, ഒമ്പതാം സീഡ് സ്പാനിഷ് താരം സുവാരസ് നവാരോ, 10-ാം സീഡ് ബ്രിട്ടന്റെ ജോനാഥന കോന്റ, 11-ാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ, 13-ാം സീഡ് ഓസ്‌ട്രേലിയയുടെ സാമന്ത സ്‌റ്റോസർ തുടങ്ങിയവരും മൂന്നാം റൗണ്ടിലേക്ക് മുേന്നറിയിട്ടുണ്ട്.
അതേസമയം പുരുഷ സിംഗിൾസിൽ ആദ്യ റൗണ്ടിൽ പുറത്തായ നൊവാക് ദ്യോക്കോവിച്ചിന് ഡബിൾസിലും തിരിച്ചടി. രണ്ടാം റൗണ്ടിൽ ദ്യോക്കോ-നെനാഡ് സിമോവിച്ച് സഖ്യം ബ്രസീലിന്റെ മാഴ്‌സെലോ-ബ്രൂണോ സോറസ് സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടാണ് പുറത്തായത്. സ്‌കോർ: 6-4, 6-4.
പുരുഷ സിംഗിൾസിൽ നാലാം സീഡ് ജപ്പാന്റെ കി നിഷികോരി, ആറാം സീഡ് ഫ്രാൻസിന്റെ ഗെയ്ൽ മോൺഫിൽസ്, 9-ാം സീഡ് ക്രൊയേഷ്യയുടെ മാരിൻ സിലിക്ക്, 10-ാം സീഡ് സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗസ്റ്റ്, ആദ്യ റൗണ്ടിൽ ദ്യോക്കോയെ അട്ടിമറിച്ച അർജന്റീനയുടെ ജുവാൻ ഡെൽ പോട്രോ എന്നിവർ മൂന്നാം റൗണ്ടിലെത്തി.
















