മാവേലിക്കര: വള്ളിക്കുന്നത്ത് പോലീസിനെ ആക്രമിച്ചെന്ന പേരില്‍ പിടികൂടി മാവേലിക്കര സിഐ: പി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച യുവാക്കള്‍ക്ക് കായംകുളം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. വള്ളികുന്നം സ്വദേശികളായ അശോകന്‍(32), തുളസി (ചിക്കു-25), ശ്രീരാജ് (23), ശരത് ലാല്‍ (23), അജിത്ത് (23) എന്നിവര്‍ക്കാണ് ഇന്നലെ ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ രണ്ടിന് പകലും രാത്രിയിലുമായിട്ടാണ് പ്രതികളെ വീടുകളില്‍ എത്തി പിടികൂടിയത്. പിന്നീട് മാന്നാര്‍, മാവേലിക്കര പോലീസ് സ്റ്റേഷനുകളില്‍ എത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തതിന്റെ അടുത്ത ദിവസം മൂത്രം ഒഴിക്കാന്‍ സാധിക്കാതെ യുവാക്കളില്‍ ഒരാള്‍ ജയിലില്‍ കുഴഞ്ഞു വീണതോടെയാണ് മര്‍ദ്ദനവിവരം പുറംലോകം അറിയുന്നത്.
തുടര്‍ന്ന് യുവാക്കളുടെ രക്ഷിതാക്കള്‍ കായംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കുകയും കോടതി നേരിട്ട് യുവാക്കളുടെ ദേഹ പരിശോധന നടത്തുകയും ചെയ്തു. മജിസ്‌ട്രേറ്റിനോട് മര്‍ദ്ദനമേറ്റ പാടുകള്‍ യുവാക്കള്‍ കാട്ടി നല്‍കുകയും മര്‍ദ്ദനത്തെ കുറിച്ച് വിവരിക്കുകയും ചെയ്തു. തിങ്കളാഴ്ച യുവാക്കളെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും നാലു മണിക്കൂര്‍ സമയം മാത്രമാണ് കോടതി അനുവദിച്ചത്. തുടര്‍ന്ന് ഇന്നലെ സമര്‍പ്പിച്ച ജാമ്യ അപേക്ഷയില്‍ വാദം കേട്ട ശേഷം ജാമ്യം അനുവദിക്കുകയായിരുന്നു.
















