ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ ക്വറ്റയില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 65 ആയി ഉയര്‍ന്നു. ആക്രമണത്തില്‍ 150 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ക്വറ്റയിലെ ആശുപത്രിയിലാണ് സ്‌ഫോടനമുണ്ടായത് കൊല്ലപ്പെട്ടവരില്‍ ഏറെയും അഭിഭാഷകരാണെന്നാണ് അറിയാന്‍ സാധിക്കുന്നത്.
ആശുപത്രിയിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ബോംബ് സ്‌ഫോടനത്തിനു പിന്നാലെ വെടിവയ്‌പ്പ് ഉണ്ടായതായും വിവരങ്ങളുണ്ട്. ചാവേറാക്രമണത്തിനായി എട്ട് കിലോഗ്രാമോളം വരുന്ന സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതായാണ് പോലീസ് അറിയിച്ചത്.
ബലൂചിസ്ഥാന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് തിങ്കളാഴ്ച രാവിലെ വെടിയേറ്റ് മരിച്ചിരുന്നു. ഇദ്ദേഹത്തെ പ്രവേശിപ്പിച്ച ആശുപത്രിയിലാണ് സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനത്തിനു പിന്നില്‍ ആരാണെന്ന കാര്യം വ്യക്തമല്ല. പൊലീസ് ആശുപത്രി പരിസരത്ത് കനത്ത കാവലാണ് ഒരുക്കിയിട്ടുള്ളത്.
















