മട്ടാഞ്ചേരി: അന്താരാഷ്‌ട്ര സ്‌കൂള്‍ പദവിയിലേക്ക് ഫോര്‍ട്ടുകൊച്ചി വെളി എഡ്വേര്‍ഡ് സര്‍ക്കാര്‍ സ്‌കൂള്‍ പരിഗണനയില്‍. ഒരു മണ്ഡലത്തില്‍ ഒരു അന്താരാഷ്‌ട്ര സ്‌കൂള്‍ എന്നത് ബജറ്റ് പ്രഖ്യാപനമായിരുന്നു. ഒരു സ്‌കൂളിന് ഏഴ് കോടി രൂപയാണ് ലഭിക്കുക. ആത്യാധുനിക അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതോടോപ്പം പഠന നിലവാരം ഉയര്‍ത്തുക, സ്മാര്‍ട്ട് ക്ലാസ്സ്‌റും, കായിക കലാപരിശീലനം തുടങ്ങി ഓട്ടേറെ നേട്ടങ്ങളാണ് സ്‌കൂളിനുണ്ടാകുക. കൊച്ചി നിയോജക മണ്ഡല പരിധിയിലാണ് വെളി സര്‍ക്കാര്‍ സ്‌കൂള്‍.
കൊച്ചിയിലെ പഴക്കമേറിയ വെളി സര്‍ക്കാര്‍ സ്‌കൂള്‍ ബ്രിട്ടിഷ് ഭരണകാലത്താണ് സ്ഥാപിച്ചത്. 1924ല്‍ ബ്രിട്ടീഷുകാര്‍ കൊച്ചി മുന്‍സിപ്പാലിറ്റിയില്‍ സ്ഥാപിച്ച 15 പ്രൈമറി വിദ്യാലയങ്ങളിലൊന്നാണ് വെളി സ്‌കൂള്‍. ആദ്യകാലത്ത് കടല്‍ തീരത്ത് അഗതിമന്ദിര കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചതിനാല്‍ ബീച്ച് സ്‌കൂള്‍ എന്നാണറിയുന്നത്. കൊച്ചി മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്ന ധ്രുവ ചെട്ടിയാര്‍ വെളി മൈതാനിയില്‍ സ്ഥലം നല്‍കി. 1932 നവംബര്‍ 26ന് ശിലാസ്ഥാപനം നടത്തുകയും 1933ല്‍ വിദ്യാലയം പ്രവര്‍ത്തനം തുടങ്ങി. 1937ല്‍ ബ്രിട്ടണ്‍ മഹാരാജാവായ എഡ്വേര്‍ഡ് നാലാമന്റെ കീരീടധാരണ സ്മാരകമായി എഡ്വേര്‍ഡ് മേമ്മോറിയല്‍ മുന്‍സിപ്പല്‍ എല്‍പി സ്‌കൂള്‍ എന്ന് പേര് നല്‍കി. 1965-66ല്‍ വെളി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തി.1969-72 കാലഘട്ടത്തില്‍ പ്രധാന കെട്ടിട നിര്‍മ്മാണം നടത്തുകയും മുന്‍സിപ്പാലിറ്റിയില്‍ നിന്ന് സര്‍ക്കാര്‍ സ്‌കൂള്‍ ഏറ്റെടുക്കുകയും ചെയ്തു.
1974ല്‍ എല്‍പി വിഭാഗം പ്രത്യേക സ്‌കൂളാക്കിയതായി മുതിര്‍ന്ന അദ്ധ്യാപിക സ്മിത അരവിന്ദന്‍ പറഞ്ഞു.1998 ല്‍ ഹയര്‍ സെക്കന്ററിയും തുടങ്ങിയതോടെ വെളി എഡ്വേര്‍ഡ് സര്‍ക്കാര്‍ സ്‌കൂള്‍ ശ്രദ്ധേയമായി. ടി.എല്‍. ജാസ്മിന്‍ ലിജിയ ഹൈസ്‌കൂള്‍ പ്രധാനാദ്ധ്യാപികയായുള്ള വെളി സ്‌കൂളില്‍ അന്‍പതിലെറെ അദ്ധ്യാപകരുണ്ട്. മൂന്നര ഏക്കര്‍ സ്ഥലത്ത് രണ്ടര ഏക്കര്‍ മൈതാനിയുമായി ആയിരത്തിലെറെ വിദ്യാര്‍ത്ഥികളുള്ള വെളി സ്‌കൂളിനെ അന്താരാഷ്‌ട്ര നിലവാരത്തിലുയര്‍ത്തുന്ന പട്ടികയില്‍ നിര്‍ദ്ദേശിച്ചതായി കെ.ജെ. മാക്‌സി എംഎല്‍എ പറഞ്ഞു. കലാ കായിക വ്യക്തി വികസന പ്രവര്‍ത്തന നേട്ടങ്ങള്‍ വെളി സ്‌കൂളിനെ പരിഗണിക്കുന്നതിലും കാരണമായി.
















