ന്യൂദൽഹി: റിയൊയിലെ കായിക മാമാങ്കം അടുത്തെത്തി നിൽക്കെ ഇന്ത്യയ്‌ക്ക് വീണ്ടും നാണക്കേട്. പുരുഷ വിഭാഗം 200 മീറ്ററിൽ യോഗ്യത നേടിയ ധരംബീർ സിങ് ഉത്തേജകമരുന്നു പരിശോധയിൽ പിടിക്കപ്പെട്ടു. ദേശീയ ഉത്തേക വിരുദ്ധ ഏജൻസിയുടെ (നാഡ) നിർദേശത്തെത്തുടർന്ന് ധരംബീറിന്റെ റിയൊ യാത്ര റദ്ദാക്കി.
ചൊവ്വാഴ്ച രാവിലെയാണ് താരം റിയൊയിലേക്ക് തിരിക്കേണ്ടിയിരുന്നത്. 36 വർഷത്തിനു ശേഷമാണ് 200 മീറ്ററിൽ ഒരു ഇന്ത്യൻ താരം യോഗ്യത നേടുന്നത്. നേരത്തെ, ഗുസ്തി താരം നർസിങ് യാദവും, ഷോട്ട്പുട്ട് താരം ഇന്ദർജീത് സിങ്ങും ഉത്തേകമരുന്നു പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. ചതിക്കപ്പെടുകയായിരുന്നുവെന്ന വാദം സ്വീകരിച്ച് നർസിങ്ങിനെ നാഡ കുറ്റവിമുക്തനാക്കി.
എ സാമ്പിൾ പരിശോധനാ ഫലമാണ് പോസിറ്റീവായത്.
ഇനി ബി സാമ്പിൾ പരിശോധിക്കാൻ ആവശ്യപ്പെടാം. ഇതിന്റെ ഫലവും പോസിറ്റീവായാൽ ഇരുപത്തിയേഴുകാരനായ താരത്തിന്റെ കരിയർ തന്നെ അവസാനിക്കും. നാഡ വിദഗ്ധ സമിതിക്കു മുൻപിൽ വിശദീകരണം നൽകാൻ അവസരമുണ്ടെങ്കിലും വിധി അനുകൂലമാകണമെന്നില്ല. ബി സാമ്പിൾ പരിശോധനയടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കുറഞ്ഞത് ഏഴു ദിവസമെങ്കിലും വേണ്ടിവരും. ഇതോടെ ധരംബീറിന്റെ റിയൊ സ്വപ്‌നത്തിനും ഏറെക്കുറെ അവസാനമായി.
ഒളിമ്പിക് യോഗ്യതയ്‌ക്കായി കഴിഞ്ഞ മാസം 11ന് ബെംഗളൂരുവിൽ ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ നടത്തിയ ഗ്രാൻഡ് പ്രീ മീറ്റിനിടെയാണ് നാഡ ധരംബീറിൽ നിന്ന് സാമ്പിൾ ശേഖരിച്ചത്. ഈ മീറ്റിലാണ് ഇദ്ദേഹം ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയതും. 20.50 സെക്കൻഡായിരുന്നു യോഗ്യതാ മാർക്ക്. 20.45 സെക്കൻഡിൽ ഫിനിഷ് ചെയ്തു.
ഈ പ്രകടനത്തിൽ അന്നു തന്നെ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ബെംഗളൂരുവിലെത്തുന്നതിനു മുൻപ് ദേശീയ ക്യാമ്പിൽ നിന്ന് പുറത്തുപോയി, റോത്തക്കിൽ സ്വന്തം പരിശീലകനു കീഴിലായിരുന്നു പരിശീലനം.
ഹരിയാനയിൽനിന്നുള്ള ധരംബീർ തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസിൽ വേഗമേറിയ പുരുഷ താരമായിരുന്നു. ആദ്യമായല്ല ഇദ്ദേഹം നാഡയുടെ പിടിയിലാകുന്നത്. 2013ൽ അന്തർ സംസ്ഥാന മീറ്റിനിടെ ഉത്തേജകമരുന്നു പരിശോധനയ്‌ക്കു നിൽക്കാതെ മുങ്ങി. ഇതിന്റെ പേരിൽ നടപടിയും നേരിടേണ്ടി വന്നു. ഇത്തവണ കുറ്റം തെളിയിക്കപ്പെട്ടാൽ എട്ടു വർഷം വിലക്ക് നേരിടേണ്ടിവരും താരത്തിന്.
















