ന്യൂദൽഹി: ദൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ ഒരു സംഘം പാർട്ടി പ്രവർത്തകർ തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്ന് ആപ്പ് എംഎൽഎ അസിം അഹമ്മദ് ഖാൻ. അരവിന്ദ് കേജ്‌രിവാളിന്റെയും ചില പാർട്ടി പ്രവർത്തകരുടെയും ഭാഗത്ത് നിന്ന് തനിക്കും കുടുംബത്തിനും വധഭീഷണി ലഭിച്ചുവെന്നാണ് അഴിമതിക്കേസിൽപ്പെട്ട് മന്ത്രി സ്ഥാനം നഷ്ടപ്പെട്ട അസിം അഹമ്മദ് ഖാൻ ആരോപിക്കുന്നത്.
പാർട്ടി നേതൃത്വം ആദ്യം ഉപദ്രവിക്കാൻ നോട്ടമിട്ടിരിക്കുന്നത് തന്റെ പിതാവിനെയാണെന്നും ആഗസ്റ്റ് ഒന്നാം തിയതി ഈ വിവരം പാർട്ടിയിലെ തന്റെ സ്നേഹിതനിൽ നിന്നും അറിയാൻ സാധിച്ചെന്നും അഹമ്മദ് പറഞ്ഞു. തന്റെ പിതാവിനെ ലൈംഗിക പീഡനക്കേസിൽ പെടുത്താൻ പാർട്ടിയിലെ ചില നേതാക്കൾ ശ്രമിക്കുന്നുണ്ടെന്നുമാണ് തനിക്ക് അറിയാൻ സാധിച്ചത്. ഈ വിവരം ലഭിച്ച ഉടൻ തന്നെ ജമ മസ്ജിദ് പോലീസ് സ്റ്റേഷനിൽ പരാതി നല്കിയിരുന്നെന്നും അഹമ്മദ് പറഞ്ഞു.
ഇതിന് തുടർച്ചയെന്നോണം കഴിഞ്ഞ ദിവസം മൂന്ന് സ്ത്രീകൾ തങ്ങളുടെ കടയിൽ വരികയും പിതാവുമായി അനാവശ്യകാര്യങ്ങൾക്ക് വേണ്ടി വഴക്കുണ്ടാക്കുകയും ചെയ്തു. പീഡനക്കേസിൽ പ്രതിയാക്കാൻ വേണ്ടിയാണ് ഇവർ ഇത്തരത്തിൽ ബഹളമുണ്ടാക്കിയതെന്നും തക്ക സമയത്ത് പോലീസ് എത്തി സ്ത്രീകളെ കടയിൽ നിന്നും നീക്കുകയായിരുന്നെന്നും എംഎൽഎ പറഞ്ഞു. ഇതിനു പുറമെ മറ്റൊരു ദിവസം തന്റെ അംഗരക്ഷകരുടെ തോക്കുകൾ കൊള്ളയടിക്കാൻ ചില അക്രമികൾ ശ്രമിച്ചെന്നും അഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.
എന്നാൽ അഹമ്മദ് ഖാന്റെ എല്ലാ ആരോപണങ്ങളെയും എഎപി നേതൃത്വം തള്ളിക്കളഞ്ഞു. അഹമ്മദ് ഖാൻ എഎപി സർക്കാരിന് നാണക്കേടുണ്ടാക്കാനാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് പാർട്ടി വക്താക്കൾ അറിയിച്ചത്.
പരിസ്ഥിതി, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന അഹമ്മദ് ഖാൻ തന്റെ മണ്ഡലത്തിൽ അനധികൃതമായി കെട്ടിടം നിർമ്മിക്കുന്നതിന് കോർപ്പറേറ്റുകളുടെ കൈയ്യിൽ നിന്നും ആറ് ലക്ഷം രൂപ കൈക്കൂലി വാങ്ങിയത് ഏറെ വിവാദമാകുകയും പാർട്ടി ഇയാളെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു.
















