ലക്‌നൗ : ഉത്തര്‍പ്രദേശില്‍ അധ്യാപികയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയതായി പരാതി. ബറേലിയിലൂടെ കടന്നുപോകുന്ന ദേശീയപാത 24-ലാണ് സംഭവം. സംഭവത്തിന് ശേഷം ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ബറേലി സോണ്‍ ഐ.ജി. വിജയ് സിങ് അറിയിച്ചു. സ്റ്റേഷന്‍ പരിധിയില്‍ അതിക്രമം തടയുന്നതില്‍ പരാജയപ്പെട്ട സി.ബി. ഗഞ്ച് പോലീസ് സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ രാജേഷ് സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തതായും അറിയിച്ചു
പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയാണ് ഓടുന്ന കാറില്‍ കൂട്ടമാനഭംഗത്തിനിരയായത്. സ്‌കൂളിലേക്കു പോവുകയായിരുന്ന പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് കാറില്‍ ബലമായി പിടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് തോക്കു ചൂണ്ടിക്കാണ്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയശേഷം കാറിനകത്തുവച്ച് കൂട്ടമാനഭംഗത്തിനിരയാക്കി. അതിനുശേഷം പെണ്‍കുട്ടിയെ റോഡിനുസമീപം ഉപേക്ഷിക്കുകയായിരുന്നു.
മാനഭംഗത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തതായും പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്തത് ദേശീയതലത്തില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ഉത്തര്‍ പ്രദേശില്‍ നിന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
















