കൊല്ലം: കൊല്ലം കളക്‌ട്രേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തിന് കഴിഞ്ഞ ദിവസം മൈസൂര്‍ കോടതിയിലുണ്ടായ സ്‌ഫോടനവുമായി സാമ്യമുള്ളതായി പോലീസ് കണ്ടെത്തല്‍. കര്‍ണാടക പോലീസാണ് ഇത് സ്ഥീരീകരിച്ചിരിക്കുന്നത്. കൊല്ലത്ത് സ്‌ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്ന അതേ രീതിയാണ് മൈസൂരിലെ കോടതിവളപ്പിലുണ്ടായ സ്‌ഫോടനത്തിലും ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ രണ്ടു സ്‌ഫോടനത്തിന്റെയും ഉദ്ദേശം ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും വിലയിരുത്തുന്നു.
ഗണ്‍ പൗഡറും ടൈമറും ഉപയോഗിച്ചാണ് രണ്ടിടത്തും സ്‌ഫോടനം നടത്തിയിരിക്കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കര്‍ണാടക പോലീസ് സംഘം ഇന്ന് കൊല്ലത്ത് എത്തിയേക്കും.
കൊല്ലത്ത് എത്തുന്ന ഇവര്‍ സ്‌ഫോടനം നടന്ന കളക്‌ട്രേറ്റ് വളപ്പ് സന്ദര്‍ശിക്കുകയും സ്‌ഫോടനം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
സ്‌ഫോടനത്തിന് പിന്നില്‍ തീവ്രവാദസംഘടനകളാണെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിച്ചേര്‍ന്നിട്ടുണ്ട്. ആന്ധ്രപ്രദേശിലെ കളക്‌ട്രേറ്റ് വളപ്പിലുണ്ടായ സ്‌ഫോടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നിരോധിത തീവ്രവാദസംഘടന അല്‍-ഉമയാണ് സ്‌ഫോടനങ്ങള്‍ പിന്നിലെന്ന സൂചനയുമുണ്ട്.
കൊല്ലം കളക്‌ട്രേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ നിരോധിത ഭീകരസംഘടനയായ അല്‍ ഉമ്മയാണെന്ന് സൂചന. ജൂണ്‍ 15നുണ്ടായ കളക്‌ട്രേറ്റ് സ്‌ഫോടനത്തില്‍ കോടതിയിലെത്തിയ ഒരാള്‍ക്ക് പരിക്ക് പറ്റിയതൊഴിച്ചാല്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെയാണ് ഉത്തരവാദിത്തം ഏറ്റെടുക്കാനായി രംഗത്ത് വരാന്‍ ഭീകരസംഘടന തയ്യാറാകാത്തതെന്നാണ് രഹസ്യാന്വേഷണസംഘത്തിന്റെ നിഗമനം.
സ്റ്റീല്‍പാത്രത്തില്‍ സജ്ജമാക്കിയ ടൈമര്‍ബോംബ് സിജെഎം കോടതിക്ക് സമീപം ഉപയോഗശൂന്യമായി ഇട്ടിരുന്ന തൊഴില്‍വകുപ്പിന്റെ ജീപ്പിലാണ് ഒളിപ്പിച്ചിരുന്നത്.
സമീപത്ത് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും കോടതി ജീവനക്കാരുടെയും വക്കീലന്മാരുടെയും മറ്റും കാറുകളും പാര്‍ക്ക് ചെയ്തിരുന്നു.
സ്‌ഫോടനമുണ്ടായ ജീപ്പില്‍ ഇന്ധനമുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ആള്‍നാശവും ദുരന്തവും ഉറപ്പായിരുന്നു.
















