ഗുണ്ടൂർ: മരുമകൾക്ക് വിവാഹസമ്മാനമായി അമ്മായിയമ്മ ശൗചാലയം നൽകുന്നത് ഒരു പക്ഷേ ഇതാദ്യമായിരിക്കും. അതും സ്വച്ഛ് ഭാരതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്.
ശൗചാലയമില്ലാത്തതിന്റെ ദുരിതം കുറച്ചൊന്നുമല്ല ഗുണ്ടൂർ ബൊല്ലവാരത്തെ ഷംസുന്‍ അറിഞ്ഞത്. അങ്ങനെയൊരു സംവിധാനം സ്വന്തം ഗൃഹത്തിലും ഭർതൃഗൃഹത്തിലുമില്ലായിരുന്നു. മൺസൂണിലായിരുന്നു ഏറെ കഷ്ടപ്പെട്ടത്. ദുബായിലും മറ്റുമുള്ള ബന്ധുക്കളൊന്നും ഒരു ദിവസം പോലും ഷംസുന്റെ വീട്ടിൽ തങ്ങാറില്ല. കാരണം ശൗചാലയമില്ല.
പക്ഷേ, എട്ടു മാസം മുൻപ് വീട്ടിലൊരു ശൗചാലയം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഷംസുൻ.
മകന്റെ വിവാഹത്തോടനുബന്ധിച്ചായിരുന്നു അത്. അനാരോഗ്യകരമായ ചുറ്റുപാടിലേക്ക് മരുമകൾ ഷംലയെ കൊണ്ടുവരില്ലെന്നത് ഷംസുന്റെ ഉറച്ച തീരുമാനമായിരുന്നു. അതിന് ഷംസുന് തുണയായത് സ്വച്ഛ് ഭാരത് അഭിയാൻ. സർക്കാർ ധനസഹായത്തിനൊപ്പം സ്വന്തം സമ്പാദ്യമായ 4,000 രൂപയും ചേർത്ത് ഷംസുന്‍ പണിതത് ചിരകാല സ്വപ്‌നം… ശൗചാലയം.
















