615 കോടി ഡോളറിന്റെ വിദേശ നിക്ഷേപം രാജ്യത്ത് ഉണ്ടായതായി റിപ്പോര്‍ട്ട്. മെയ്‌ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയിലൂടെയാണിത്രയും നിക്ഷേപം രാജ്യത്തേക്ക് വന്നത്. മന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം. സേവനമേഖലയിലാണ് നേരിട്ടുളള വിദേശ നിക്ഷേപം ഏറ്റവും കൂടുതലുണ്ടായത്. 119.532 കോടി അമേരിക്കന്‍ ഡോളറിന്റെ നിക്ഷേപമാണ് ഇക്കാലയളവില്‍ ഈ മേഖലയില്‍ ലഭിച്ചത്.
5,0000 രൂപ പിഴയും രണ്ട് വര്‍ഷം തടവും കുട്ടികളെ കൊണ്ട് പണിയെടുപ്പിക്കുന്നവര്‍ക്ക് ശിക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ബാലവേല നിയമ ഭേദഗതിയ്‌ക്ക് രാഷ്‌ട്രപതി അംഗീകാരം നല്‍കി. സ്‌കൂള്‍ സമയം കഴിഞ്ഞോ അവധിക്കാലത്തോ രക്ഷിതാക്കളെ സഹായിക്കുന്നത് ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സിനിമ, പരസ്യങ്ങള്‍, ടെലിവിഷന്‍ മേഖല എന്നിവയ്‌ക്ക് വിലക്കില്ല.
1,00,000 ആരോഗ്യ പരിപാലന സന്നദ്ധ സേവകരെ ഓരോജില്ലയിലും സജ്ജരാക്കുമെന്ന് വിഎച്ച്പി രാജ്യാന്തര വര്‍ക്കിംഗ് പ്രസിഡന്റ് ഡോ.പ്രവീണ്‍ തൊഗാഡിയ. ഇന്ത്യ ഹെല്‍ത്ത് ലൈന്‍ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട രോഗികള്‍ക്ക് സ്വകാര്യ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്ന പദ്ധതിയാണിത്. പതിനായിരം ഡോക്ടര്‍മാര്‍ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് രണ്ടായിരം ഡോക്ടര്‍മാരുടെ പങ്കാളിത്തമുണ്ട്.
20,00,000 രൂപയുടെ സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. ശരീരത്തില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന സ്വര്‍ണമാണ് പിടികൂടിയത്. ദുബായിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി തസ്‌നിയുടെ പക്കല്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. 24 കാരറ്റിന്റെ സ്വര്‍ണം ശരീരത്തില്‍ അണിഞ്ഞ് കടത്താനാണ് ഇവര്‍ ശ്രമിച്ചത്. പര്‍ദയാണ് ധരിച്ചിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
100 ലേറെ മലയാളി നഴ്‌സുമാര്‍ ഒമാനില്‍ പിരിച്ചുവിടല്‍ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായാണ് നടപടിയെന്നും സൂചനയുണ്ട്. 15 മുതല്‍ 25 വര്‍ഷം വരെ പ്രവൃത്തി പരിചയമുളളവര്‍ക്കാണ് പിരിച്ച് വിടല്‍ നോട്ടീസ് ലഭിച്ചിട്ടുളളത്. മൂന്ന് മാസത്തെ നോട്ടീസാണ് നല്‍കിയിട്ടുളളതെങ്കിലും ഉടന്‍ തന്നെ സേവനം മതിയാക്കി മടങ്ങാനാണ് നിര്‍ദേശിച്ചിട്ടുളളത്.
















