ഒളിമ്പിക്‌സിൽ സ്വർണം നേടിയ ആദ്യ ആഫ്രിക്കക്കാരനാണ് അബീബ് ബിക്കില. മാരത്തണിലായിരുന്നു ബിക്കിലയുടെ നേട്ടം. അത് ഒരിക്കലല്ല, രണ്ടുവട്ടം. 1960-ലെ റോം, 1964ലെ ടോക്കിയോ ഒളിമ്പിക്‌സുകളിൽ ബിക്കിലയുടെ മിന്നും പ്രകടനം. ഒളിമ്പിക്‌സ് മാരത്തണിൽ രണ്ട് തവണ സ്വർണം നേടിയ രണ്ട് താരങ്ങളേ നാളിതുവരെ ഉണ്ടായിട്ടുള്ളൂ. അതിൽ ആദ്യത്തേതാണ് ബിക്കില എന്ന എത്യോപ്യക്കാരൻ. 1976, 80 ഒളിമ്പിക്‌സുകളിൽ കിഴക്കൻ ജർമ്മനിയുടെ വഌഡിമിർ സെർപിൻസ്‌കി രണ്ടാമത്തെ താരം.
എത്യോപ്യയിലെ ജാത്തോ വില്ലേജിൽ 1932 ഓഗസ്റ്റ് ഏഴിന് ബിക്കില ജനിച്ചു. ബിക്കിലയുടെ ജനന ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട്. 1932 ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സിൽ മാരത്തോൺ ഓട്ടമത്സരം നടന്ന ദിവസം. ബിക്കിലയുടെ പിതാവ് ഒരു ഇടയനായിരുന്നു. ആട്ടിടയനായി കുട്ടിക്കാലം ചെലവിട്ടു. പതിനേഴാം വയസിൽ പട്ടാളത്തിൽ ചേർന്നു.
‘ഇമ്പീരിയൽ ഗാർഡ്’ എന്ന സൈനിക വിഭാഗത്തിൽ അംഗമായിരിക്കെ മെൽബൺ ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന പട്ടാളക്കാരായ അത്‌ലറ്റുകളെ ബിക്കില നോക്കി നിൽക്കുമായിരുന്നു. അവരുടെ കുപ്പായത്തിനു പിന്നിൽ മുദ്രണം ചെയ്തിരുന്ന എതേ്യാപ്യ എന്ന രാജ്യനാമമാണ് അദ്ദേഹത്തെ ആകർഷിച്ചത്. ഇതോടെയാണ് അത്‌ലറ്റാവണമെന്ന ആഗ്രഹം മൊട്ടിട്ടത്.
അക്കാലത്ത് എത്യോപ്യൻ ഗവൺമെന്റ് സ്വീഡൻകാരനായ ഓണി ടിസ്‌ക്കനെ അത്‌ലറ്റിക് ടീമിന്റെ കോച്ചായി നിയമിച്ചിരുന്നു. അദ്ദേഹമാണ് ബിക്കിലയിലെ അത്‌ലറ്റിനെ കണ്ടെത്തിയത്. 1960 റോം ഒളിമ്പിക്‌സിൽ പകരക്കാരനായി ഒളിമ്പിക്‌സ് ടീമിലേക്ക്. പ്രധാന മാരത്തോൺ ഓട്ടക്കാരൻ വാമി ബിരാട്ടുവിന്റെ പരിക്ക് തുണയായി. അതുവരെ ഷൂസില്ലാതെ ഓടിയിരുന്ന ബിക്കിലക്ക് ഒരു പ്രശസ്ത ഷൂ നിർമ്മാതാക്കൾ പലതരത്തിലുള്ള സ്‌പോർട്‌സ് ഷൂകൾ സമ്മാനിച്ചെങ്കിലും അതുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല.
ഇതോടെ കോച്ചിന്റെ ഉപദേശത്തിന് വിരുദ്ധമായി നഗ്നപാദനായി ഓടാൻ തീരുമാനിച്ചു. മൊറോക്കൻ മാരത്തോൺ ഓട്ടക്കാരനായ 26-ാം നമ്പറുകാരൻ റാഡിബെൻ അബ്ദലാമിനെ ശ്രദ്ധിക്കുവാൻ ബിക്കിലയോട് കോച്ച് ആവശ്യപ്പെട്ടു.
ഓട്ടം തുടങ്ങിയപ്പോൾ മുതൽ ബിക്കില 26-ാം നമ്പറുകാരനെ അന്വേഷിച്ചു. പക്ഷെ കണ്ടില്ല. 26 ന് പകരം റാഡിക്കിന് 185-ാം നമ്പറാണ് ലഭിച്ചത്. 185-ാം നമ്പറുകാരനായ റാഡിക്ക് ഒപ്പത്തിനൊപ്പം ഓടി. അവസാന 500 മീറ്റർ പറന്നുകയറിയ ബിക്കില രണ്ട് മണിക്കൂർ 15 മിനിറ്റ് 16.2 സെക്കൻഡിൽ സ്വർണം നേടി. രണ്ടാം സ്ഥാനത്തെത്തിയ റാഡിക്കിനെക്കാളും 26 സെക്കൻഡ് കുറവ്. അങ്ങനെ ബിക്കില ഒളിമ്പിക്‌സ് സ്വർണം നേടുന്ന ആദ്യ ആഫ്രിക്കക്കാരനായി. നഗ്നപാദനായി ഓടിയതിനെപ്പറ്റി ബിക്കിലയോട് ചോദിച്ചപ്പോൾ അത് ആഫ്രിക്കക്കാരന്റെ നിശ്ചയദാർഢ്യത്തിന്റേയും ഇച്ഛാശക്തിയുടേയും ഉദാഹരണമെന്നായിരുന്നു മറുപടി.
രാഷ്‌ട്രീയം അറിവില്ലാതിരുന്ന ബിക്കില പിന്നീട് എത്യോപ്യൻ ഏകാധിപതിയായി തീർന്ന ജനറൽ മെനംഗിസ്തുവിന്റെ പരാജയപ്പെട്ട പട്ടാള വിപ്ലവത്തിൽ ഭാഗമായി. തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട ബിക്കിലയ്‌ക്ക് ചക്രവർത്തി മാപ്പു നൽകി. 1961-ൽ ബിക്കില ഗ്രീസ്, ജപ്പാൻ, ചെക്കോസ്ലോവാക്യ തുടങ്ങിയ മാരത്തണുകളിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.
1964 ടോക്കിയ ഒളിമ്പിക്‌സിന് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം മത്സരത്തിന് 40 ദിവസം മുൻപ് പരിശീലനത്തിനിടെ കുഴഞ്ഞുവീണു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും, ആശുപത്രിയുടെ പരിസരത്ത് പരിശീലനം തുടർന്നു. അസുഖം അവഗണിച്ചായിരുന്നു ടോക്കിയോ ഒളിമ്പിക്‌സിൽ മത്സരിക്കാനിറങ്ങിയത്. മത്സരത്തിന്റെ അവസാനം ശരവേഗത്തിൽ കുതിച്ച ബിക്കില 2:12:11.2 സെക്കൻഡിൽ ലോകറെക്കോഡോടെ സ്വർണം നേടി. രണ്ടാം സ്ഥാനക്കാരെക്കാളും നാലു മിനിറ്റ് എട്ട് സെക്കൻഡിന്റെ മുൻതൂക്കം. ഇതോടെ ഒളിമ്പിക്‌സ് മാരത്തണിൽ ഇരട്ട സ്വർണം നേടിയ ആദ്യ ഓട്ടക്കാരനായി മാറി അബീബ് ബിക്കില.
1968ൽ മെക്‌സിക്കോ ഒളിമ്പിക്‌സിൽ ബിക്കില മൂന്നാം സ്വർണം നേടുമോ എന്നതായിരുന്നു പ്രധാന ചോദ്യം. പക്ഷേ, മാരത്തൺ തുടങ്ങി 17 കിലോമീറ്റർ പിന്നിട്ടപ്പോഴേയ്‌ക്കും കഠിനവേദനയാൽ ബിക്കില പിൻമാറി. ജീവിതത്തിൽ 26 മാരത്തൺ ഓട്ടങ്ങളിലാണ് ഇദ്ദേഹം പങ്കെടുത്തു. 1960,1962 വർഷങ്ങളിലെ ലോകചാമ്പ്യൻഷിപ്പും ബിക്കിലയ്‌ക്കായിരുന്നു.
1969-ൽ, കാറിൽ സഞ്ചരിക്കുമ്പോൾ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ബിക്കിലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. ചികിത്സാർത്ഥം ഇംഗ്ലണ്ടിലേക്ക് അയച്ചുവെങ്കിലും അവിടേയും ഡോക്ടർമാർക്ക് ഒന്നും ചെയ്യാനായില്ല. അരയ്‌ക്ക് താഴേയ്‌ക്ക് തളർന്നു. ജീവിതത്തിൽ പിന്നീട് അദ്ദേഹത്തിന് നടക്കാനായില്ല. എന്നാൽ, അദ്ദേഹം നിരാശനായില്ല. ചക്രക്കസേരയിലിരുന്നുകൊണ്ട് അംഗഭംഗം വന്നവർക്കായുള്ള പാരാലിമ്പിക്‌സിൽ അമ്പെയ്‌ത്ത് മത്സരത്തിലും 1970 നോർവേയിൽ ഒരു സ്ലെഡ്ജിങ് മത്സരത്തിലും പങ്കെടുത്ത് സ്വർണം നേടി.
1972ലെ മ്യൂണിച്ച് ഒളിമ്പിക്‌സിൽ ബിക്കിലയെ പ്രത്യേകാതിഥിയായി ക്ഷണിച്ചു. 1973 ഒക്ടോബർ 25ന് 41-ാം വയസിൽ മസ്തിഷ്‌ക രക്തസ്രാവത്താൽ അന്തരിച്ചു. നാനാദേശങ്ങളിൽ നിന്നുള്ള 75,000ത്തോളം ആളുകളാണ് അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തത്.
















