റെക്കോഡുകൾ തകർക്കപ്പെടാനുള്ളതാണ്. അത് ലോക റെക്കോഡായാലും ഒളിമ്പിക് റെക്കോഡായാലും ദേശീയ റെക്കോഡായാലും… എന്നാൽ, അഭിനവ് ബിന്ദ്രയുടെ പേരിലുള്ള റെക്കോഡ് ഒരു കാലത്തും തകരാതെ നിൽക്കും. ഒളിമ്പിക്‌സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതി.ബീജിങ്ങിൽ 2008 ആഗസ്റ്റ് 11 നായിരുന്നു ഇന്ത്യൻ കായികരംഗത്തെ ആ അമൂല്യനേട്ടം.
അതും ഷൂട്ടിങ് റേഞ്ചിൽ നിന്ന്. 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലായിരുന്നു സ്വർണം. ഹോക്കി സ്വർണം മാത്രം കണ്ടു ശീലിച്ച ഭാരതീയർക്ക് ചൈന നൽകിയ സമ്മാനം.
യോഗ്യതാ റൗണ്ടിൽ നാലാമനായി ഫൈനലിലേക്ക് യോഗ്യത നേടിയ ബിന്ദ്ര കലാശപ്പോരാട്ടത്തിൽ ഉജ്ജ്വല ഫോമിലേക്കുയർന്ന് പൊന്നണിഞ്ഞു. മൂന്നാമത്തെ ഒളിമ്പിക്‌സിൽ ബിന്ദ്രയുടെ നേട്ടം. കഠിനാദ്ധ്വാനത്തിന്റെ പ്രതിഫലമായി.
ബീജിങ്ങിന് മുൻപ് 2000ലെ സിഡ്‌നി ഒളിമ്പിക്‌സിൽ പങ്കെടുത്തെങ്കിലും യോഗ്യതാ റൗണ്ടിൽ 11-ാമതായി. ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന ബഹുമതി അന്ന് സ്വന്തമാക്കി ബിന്ദ്ര. 2004ലെ ഏതൻസ് ഒളിമ്പിക്‌സിൽ യോഗ്യതാ റൗണ്ടിൽ മൂന്നാമനായി ഫൈനലിലേക്ക് യോഗ്യത നേടിയെങ്കിലും അവസാന റൗണ്ടിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2012 ലെ ലണ്ടൻ ഒളിമ്പിക്‌സിലും ബിന്ദ്ര ഇന്ത്യയുടെ സജീവ പ്രതീക്ഷയായിരുന്നു.
യോഗ്യതാ റൗണ്ടിൽ 16-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ ഫൈനലിൽ പ്രവേശിക്കാനായില്ല.
ഇതിനു മുൻപ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ വ്യക്തിഗത മെഡലുകൾ മൂന്ന് വെങ്കലവും ഒരു വെള്ളിയുമായിരുന്നു. 1952 ഹെൽസിങ്കി ഒളിമ്പിക്‌സിൽ കെ.ഡി. യാദവ് ഗുസ്തിയിൻ നേടിയ വെങ്കലം. 1996 അറ്റ്‌ലാന്റ ഒളിമ്പിക്‌സിൽ ടെന്നീസ് സിംഗിൾസിൽ ലിയാൻഡർ പേസിന്റെ വെങ്കല മെഡൽ, 2000 സിഡ്‌നിയിൽ വനിതകളുടെ ഭാരോദ്വഹനത്തിൽ കർണം മല്ലേശ്വരിയിലൂടെ വെങ്കലം, 2004 ഏതൻസ് ഒളിമ്പിക്‌സിൽ രാജ്യവർധൻസിങ് റാത്തോഡ് ഷൂട്ടിങ് റേഞ്ചിൽനിന്നു സമ്മാനിച്ച വെള്ളി.
തീർന്നു, ബിന്ദ്രയുടെ സ്വർണമെഡൽ നേട്ടത്തിന് മുൻപുള്ള ഇന്ത്യയുടെ ഒളിമ്പിക്‌സ്‌നേട്ടങ്ങൾ. അവിടെയാണ് സ്വർണ മെഡലിന്റെ പ്രസക്തി. ബിന്ദ്രയുടെ സ്വർണം ഇന്ത്യൻ കായികലോകത്തിന് പുതിയ ചൈതന്യമാണ് നൽകിയത്.
2006 ജൂലൈ നാലിന് ക്രൊയേഷ്യയിലെ സെഗ്രബിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ സ്വർണം നേടി. ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതിയും അങ്ങനെ ബിന്ദ്രയ്‌ക്ക് സ്വന്തം. ഈ പ്രകടനമാണ് ബീജിങ് ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിക്കൊടുത്തത്.
1962-ൽ നടന്ന ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഡോ. കർനി സിങ് നേടിയ വെള്ളി മെഡലാണ് ഇതിന് മുൻപ് ഇന്ത്യക്ക് സ്വന്തമായിരുന്ന ഏറ്റവും വലിയ നേട്ടം.
2001-ൽ മ്യൂണിച്ചിൽ നടന്ന ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 600-ൽ 597 പോയിന്റ് നേടി ലോക റെക്കോഡ് സ്വന്തമാക്കിയെങ്കിലും ഫൈനലിൽ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു ബിന്ദ്രയ്‌ക്ക്. 2002-ലെ മാഞ്ചസ്റ്റർ കോമൺവെൽത്ത് ഗെയിംസിൽ എയർ റൈഫിൾ വ്യക്തിഗത വിഭാഗത്തിൽ വെള്ളിമെഡൽ നേടി. ഇതേ ഇനത്തിൽ ടീം വിഭാഗത്തിൽ സമീർ അംബേക്കറുമൊത്ത് സ്വർണവും കരസ്ഥമാക്കി.
2001-ൽ യൂറോപ്പിലെ വിവിധ സർക്യൂട്ട് മീറ്റുകളിൽ ആറ് സ്വർണം നേടിയതോടെ ബിന്ദ്ര രാജ്യത്തിന്റെ സൂപ്പർ താരമായി വളർന്നു.
1982 സെപ്റ്റംബർ 28-ന് ഡെറാഡൂണിൽ ബിന്ദ്ര ജനിച്ചു. ഡൂൺ സ്‌കൂളിലും തുടർന്ന് ചണ്ഡീഗഢിലെ സെന്റ് സ്റ്റീഫൻസ് സ്‌കൂളിലും വിദ്യാഭ്യാസം പൂർത്തിയാക്കി. അമേരിക്കയിലെ കൊളറാഡോയിൽ നിന്ന് ബിബിഎ ബിരുദമെടുത്ത ബിന്ദ്ര അഭിനവ് ഫ്യൂച്ചറിസ്റ്റിക്‌സ് എന്ന സ്ഥാപനത്തിന്റെ സിഇഒ കൂടിയാണ്. ഇഷ്ട ഭക്ഷണം തണ്ടൂരി ചിക്കനും കടൽ വിഭവങ്ങളും. 2011-ൽ ആത്മകഥയും പ്രസിദ്ധീകരിച്ചു. ബിന്ദ്രയുടെ ചെറുപ്പത്തിൽ ബിസിനസുകാരനും ഫുഡ് ടെക്‌നോളജിസ്റ്റുമായ പിതാവ് ഡോ. അഭിജിത് സിങ് ബിന്ദ്ര ചണ്ഡീഗഢിലേക്ക് സ്ഥലം മാറി. മൂന്നു വയസായപ്പോൾ എയർഗൺ കൊണ്ട് വെടിവച്ചു പരിശീലിച്ചിരുന്ന ബിന്ദ്രയുടെ, ഉന്നം തെറ്റി. വീട്ടു വേലക്കാരി വെടിയേറ്റ് ചോരയിൽ കുളിച്ചു കിടന്നു.
വേലക്കാരിയുടെ തലയ്‌ക്കു മുകളിൽ ബലൂൺ കെട്ടിവച്ച് ആ ബലൂണിൽ വെടിവച്ച് ഉന്നം പരിശോധിക്കുകയായിരുന്നു അഭിനവിന്റെ ഹോബി. കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ പിതാവ് വീടിനടുത്ത് ഒരു നാടൻ ഷൂട്ടിങ് റേഞ്ച് ഉണ്ടാക്കിക്കൊടുത്തു. ഏറെ പണച്ചിലവുള്ള ഷൂട്ടിങ് പരിശീലനത്തിന് കോടികളാണ് ബിന്ദ്രയുടെ കുടുംബം മുടക്കിയത്.
1995-ൽ പതിമൂന്നാം വയസിൽ പ്രശസ്ത ഷൂട്ടിങ് പരിശീലകൻ കേണൽ ജെ.എസ്. ധില്ലനെ പരിചയപ്പെട്ടതാണ് ബിന്ദ്രയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ലക്ഷ്യം എന്തെന്ന് ധില്ലൻ ആരാഞ്ഞപ്പോൾ ഒളിമ്പിക്‌സ് സ്വർണം എന്നു ഉത്തരം നൽകി. സമ്പന്നതയിൽ ജനിച്ച നീ ചോര നീരാക്കുവാൻ തയ്യാറുണ്ടോ എന്നായിരുന്നു കേണലിന്റെ തുടർ ചോദ്യം.
തയ്യാറെന്ന് ഉത്തരം നൽകിയപ്പോൾ ഇന്ത്യയിലില്ലാത്ത ജർമ്മൻ തോക്കുമായി വരുവാൻ ധില്ലൻ നിർദ്ദേശിച്ചു. ജർമ്മനിയിൽ നിന്ന് തോക്കുമായി എത്തിയ ബിന്ദ്രമാരെ കണ്ടപ്പോൾ കേണൽ അത്ഭുതപ്പെട്ടു. എടുത്താൽ പൊങ്ങാത്ത തോക്ക്! അഭിനവ് ഷൂട്ടിങ് റേഞ്ചിൽ രക്തം വിയർപ്പാക്കിയപ്പോൾ ഒരിക്കലും പരാതി പറഞ്ഞിട്ടില്ല. സ്വർണം നേടിയെന്നറിഞ്ഞപ്പോൾ കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു എന്നായിരുന്നു ധില്ലന്റെ പ്രതികരണം.
ഒളിമ്പിക്‌സ് സ്വർണത്തിന് പുറമെ മറ്റു നേട്ടങ്ങളും നിരവധി. 2002 മാഞ്ചസ്റ്റർ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം, വെള്ളി; 2006-ൽ മെൽബണിൽ സ്വർണം, വെങ്കലം; 2010-ൽ ദൽഹിയിൽ സ്വർണം, വെള്ളി; 2014-ൽ ഗ്ലാസ്‌ഗോയിൽ സ്വർണം; 2010-ലെ ഗ്വാങ്ഷു ഏഷ്യൻ ഗെയിംസിൽ വെള്ളി; 2014 ഇഞ്ചിയോണിൽ രണ്ട് വെങ്കലം എന്നിവയും ബിന്ദ്ര നേടി.
മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യവും ബിന്ദ്രയെ ആദരിച്ചു.
2000-ൽ അർജ്ജുന, 2001-ൽ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേൽരത്‌ന പുരസ്‌കാരങ്ങളും, 2009-ൽ പത്മഭൂഷണും സമ്മാനിച്ചു. 2011-ൽ ടെറിട്ടോറിയൽ ആർമിയിലിൽ കേണലുമായി. ഇത്തവണ റിയോ ഒളിമ്പിക്‌സിലും ഇന്ത്യക്ക് മെഡൽ സ്വപ്‌നം കണ്ട് ബിന്ദ്ര 10 മീറ്റർ എയർ റൈഫിളിൽ മത്സരിക്കാനിറങ്ങുന്നു.
















