മുക്കം (കോഴിക്കോട്): അന്താരാഷ്‌ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരത്തിന് കോടഞ്ചേരി പുലിക്കയത്ത് തുടക്കമായി. ആദ്യ ദിവസത്തെ മത്സരങ്ങൾ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഇരുവഴിഞ്ഞിപ്പുഴയിൽ നടക്കുന്ന കയാക്കിംഗ് മത്സരത്തെ മലയോര മേഖല നെഞ്ചേറ്റുകയായിരുന്നു. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് മത്സരം നടന്നതെങ്കിലും അതൊന്നും ആവേശം കുറച്ചില്ല.
ഇന്ത്യക്കു പുറമെ യുഎസ്എ, ഇറ്റലി, സ്‌കോട്ട് ലാന്റ്, യുകെ, വെയിൽസ്, ഗ്വാട്ടിമാല, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 27 വിദേശ താരങ്ങളും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇറ്റലിക്കാരനായ ജേക്കപ്പോ നെരോദ്രയാണ് മത്സരത്തിന് നേതൃത്വം നൽകുന്നത്.
വിജയികൾക്ക് റാപ്പിഡ് രാജ, റാപ്പിഡ് റാണി പട്ടങ്ങൾ നൽകും. പുല്ലൂരാംപാറ മലബാർ സ്‌പോർട്‌സ് അക്കാദമി, സംസ്ഥാന ടൂറിസം വകുപ്പ്, സംസ്ഥാന അഡ്വഞ്ചർ ടൂറിസം സൊസൈറ്റി, ഡിടിപിസി എന്നിവർ സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. സ്ലാലോം, ബോട്ടർ ക്രോസ്, ഇന്റർമീഡിയറ്റർ മത്സരങ്ങളാണ് ആദ്യ ദിവസം നടന്നത്.
ജോർജ് എം തോമസ് എംഎൽഎ ഭദ്രദീപം കൊളുത്തി കയാക്കിംഗ് മത്സരം ഉദ്ഘാടനം ചെയ്തു.
















