നീന്തൽക്കുളത്തിൽ വിസ്മയം തീർത്ത താരമാണ് ഓസ്‌ട്രേലിയക്കാരനായ ഇയാൻ തോർപ്പ്. ലോകം കണ്ട എക്കാലത്തെയും മികച്ച നീന്തൽത്താരങ്ങളിലൊരാളായാണ് തോർപ്പിനെ ലോകം കാണുന്നത്. കരിയറിന്റെ ഉന്നതിയിൽ നിൽക്കെ 24-ാം വയസ്സിൽ നീന്തൽക്കുളത്തിനോട് വിടപറയുകയും ചെയ്തു ഇയാൻ തോർപ്പ്. ചെറിയ പ്രായത്തിൽത്തന്നെ തോർപ്പിനെ നീന്തൽക്കുളത്തിൽ നിന്നകറ്റിയത് വിടാതെ പിന്തുടർന്ന പരിക്കുകളാണ്. ഈ പ്രായത്തിനിടയിൽ തോർപ്പ് നീന്തിയെടുത്തത് അഞ്ച് ഒളിമ്പിക് സ്വർണ്ണവും 11 ലോക ചാമ്പ്യൻഷിപ്പും 13 ലോക റെക്കോർഡുകളും. കോമൺവെൽത്ത് ഗെയിംസിലും പാൻ പസഫിക് ചാമ്പ്യൻഷിപ്പുകളിലും നേടിയ പൊന്നിന്റെ കണക്ക് വേറെ.
നീന്തലിനെ ജീവിതത്തിലെ ഏറ്റവും പ്രധാനകാര്യമായി കാണുന്നില്ലെന്നാണ് വിടപറയുന്ന വേളയിൽ തോർപ്പ് പറഞ്ഞത്. വിരമിക്കൽ സംബന്ധിച്ച തീരുമാനം എടുക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എന്നാൽ കായിക ജീവിതത്തിന് അവസാനമിടാൻ പറ്റിയ സമയമായെന്നു തോന്നി- തോർപ്പ് പറഞ്ഞു.
ഇതിനിടയിൽ തോർപ്പ് നീന്തൽക്കുളത്തിലെ ഇതിഹാസതാരമായി വളർന്നുകഴിഞ്ഞിരുന്നു. 2004ലെ ഒളിമ്പിക്‌സിനു ശേഷം തോർപ്പ് ഏറെയൊന്നും മത്സരങ്ങളിൽ പങ്കെടുത്തില്ല. 2005ൽ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പരിക്കും അസുഖവും വിലങ്ങുതടിയായി. അതിനുശേഷം 2011-ലും തിരിച്ചുവരവിന് തുനിഞ്ഞെങ്കിലും കാര്യമുണ്ടായില്ല.
2000ലെ സിഡ്‌നി ഒളിമ്പിക്‌സിൽ നീന്തൽക്കുളത്തിൽ നിന്ന് മൂന്നുസ്വർണ്ണവും രണ്ട് വെള്ളിയും നേടിയാണ് 17കാരനായ തോർപ്പ് ലോകശ്രദ്ധയാകർഷിച്ചത്. 400 മീറ്റർ ഫ്രീസ്‌റ്റൈൽ, 4-100, 4-200 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേ എന്നിവയിലായിരുന്നു ലോകറെക്കോർഡോടെ സ്വർണ്ണം. 400 മീറ്ററിൽ തന്നെ തന്റെ പേരിലുള്ള 3:41.33 സെക്കൻഡിന്റെ ലോകറെക്കോർഡ് തിരുത്തിയാണ് തോർപ്പ് പൊന്നണിഞ്ഞത്. പുതിയ സമയം 3:40.59 സെക്കൻഡ്.
4-200 മീറ്റർ റിലേയിൽ 1999 ആഗസ്റ്റിൽ തോർപ്പും കൂട്ടരും ചേർന്ന് സ്ഥാപിച്ച 7:08.79 സെക്കൻഡിന്റെ റെക്കോർഡ് തോർപ്പും കൂട്ടരും ചേർന്ന് 7:07.05 സെക്കൻഡിൽ ഫിനിഷ് ചെയ്ത് തിരുത്തിയെഴുതി. 4-100 മീറ്റർ റിലേയിൽ 1995-ൽ അമേരിക്ക സ്ഥാപിച്ച 3:15.11 സെക്കൻഡിന്റെ റെക്കോർഡാണ് 3:13.67 സെക്കന്റിൽ നീന്തിയെത്തി തോർപ്പും സംഘവും മറികടന്നത്. 200 മീറ്റർ ഫ്രീസ്‌റ്റൈൽ, 4-100 മീറ്റർ മെഡ്‌ലെ എന്നിവയിലാണ് വെങ്കലം.
നാലുവർഷത്തിനുശേഷം ഏതൻസ് ഒളിംപിക്‌സിൽ തന്റെ ഇഷ്ടയിനമായ 200 മീ, 400 മീ, ഫ്രീസ്‌റ്റൈലിൽ ഇരട്ടസ്വർണവും നേടി. പുറമെ 4-200 മീ റിലെയിൽ വെള്ളിയും 100 മീറ്റർ ഫ്രീസ്‌റ്റൈലിൽ വെങ്കലവും നേടി.
ലോക ചാമ്പ്യൻഷിപ്പുകളിലാണ് തോർപിഡോ വിശ്വരൂപംകാട്ടിയത്. 1998ലെ പെർത്ത് ലോകചാമ്പ്യൻഷിപ്പിൽ 400മീ, 4-200 മീ. ഫ്രീസ്‌റ്റൈൽ റിലെ എന്നിവയിൽ സ്വർണ്ണം നേടുമ്പോൾ പയ്യന് പ്രായം 16 വയസ്സ്. 2001ലെ ഫുക്കുവോക്ക ചാമ്പ്യൻഷിപ്പിൽ ആറുസ്വർണം നീന്തിയെടുത്താണ് ചരിത്രം സൃഷ്ടിച്ചത്. 200, 400, 800, 4-100, 4-200 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേയിലും 4-100 മീറ്റർ മെഡ്‌ലെ റിലേയിലുമായിരുന്നു സ്വർണ്ണക്കൊയ്‌ത്ത്. 2003-ൽ ബാഴ്‌സലോണയിൽ 200, 400, 4-200 മീ. ഫ്രീസ്‌റ്റൈൽ റിലെ സ്വർണം കരസ്ഥമാക്കി.
200 മീറ്റർ മെഡ്‌ലെയിൽ വെള്ളിയും 100 മീറ്റർ ഫ്രീസ്‌റ്റൈലിൽ വെങ്കലവും നേടി. രണ്ട് കോമൺവെൽത്ത് ഗെയിംസുകളിൽ നിന്ന് നീന്തിയെടുത്തത് 10 സ്വർണം. 1998ൽ ക്വാലാലംപൂരിൽ നാലും 2002ലെ മാഞ്ചസ്റ്റർ ചാമ്പ്യൻഷിപ്പിൽ ആറും.
1982 ഒക്ടോബർ 13ന് ന്യൂസൗത്ത് വെയ്ൽസിലെ കായിക കുടുംബത്തിൽ ജനനം. അച്ഛൻ കെൻ ജൂനിയർ ലെവലിൽ മികച്ച ക്രിക്കറ്റ് താരം. അമ്മ മാർഗരറ്റ് നെറ്റ്‌ബോൾ താരം. തന്നെപ്പോലെ ഇയാനും ഒരു ക്രിക്കറ്റ് താരമാകും എന്നായിരുന്നു അച്ഛന്റെ വിചാരം. എന്നാൽ അഞ്ചാം വയസ്സിൽ കണങ്കൈക്ക് പരിക്കേറ്റപ്പോൾ സഹോദരിയും നീന്തൽതാരവുമായ ക്രിസ്റ്റിനയാണ് തോർപ്പിനെ നീന്തൽക്കുളത്തിലേക്ക് തിരിച്ചുവിട്ടത്.
എട്ടാമത്തെ വയസ്സിൽ സഹോദരിയെയും കൂട്ടി ഇയാൻ സ്വിമ്മിംഗ്പൂളിൽ നീന്തിത്തുടിക്കാനെത്തി. ആ നീന്തൽ പിന്നീട് മത്സരങ്ങളിലേക്ക് വഴിമാറി, 14-ാമത്തെ വയസ്സിൽ ആസ്‌ത്രേലിയൻ ടീമിലെത്തിയ തോർപ്പ്, നീന്തൽക്കുളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു. രണ്ടുവർഷത്തിനുശേഷം ഏറ്റവും പ്രായംകുറഞ്ഞ ലോക സ്വിമ്മിംഗ് ചാമ്പ്യനായി അദ്ദേഹം മാറുകയും ചെയ്തു.
ആറടി അഞ്ചിഞ്ചുയരമുണ്ടായിരുന്ന തോർപ്പ് 200 മീറ്ററിലും 400 മീറ്ററിലും പുത്തൻ ലോകറിക്കാർഡ് സൃഷ്ടിക്കുകയുണ്ടായി.1999ൽ ലോകത്തിലെ മികച്ച നീന്തൽതാരമായി തെരഞ്ഞെടുക്കപ്പെട്ടു. നിരവധി ബഹുമതികളാണ് തോർപ്പിനെ തേടിയെത്തിയത്.
സിഡ്‌നിയിലെ ഈസ്റ്റ് ഹിൽസ് ബോയ്‌സ് ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ വിദ്യാർത്ഥിയായ തോർപ്പ് പഠനത്തിൽ മിടുക്കനായിരുന്നു. എന്നാൽ കണക്ക് ഇഷ്ടമല്ലായിരുന്നു. പക്ഷേ, നീന്തൽക്കുളത്തിൽ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിയില്ല.
‘ഫ്ളിപ്പർ’എന്ന ഓമനപ്പേരുകൂടിയുണ്ട് തോർപ്പിന്. അദ്ദേഹത്തിന്റെ കാലുകൾ ‘ഫ്ളിപ്പറുകൾ’ പോലെയായിരുന്നു. കാനഡയുടെ നീന്തൽ കോച്ച് ഡേവ് ജോൺസൺ പറഞ്ഞത് നോക്കുക.’തോർപ്പിന്റെ പൊട്ടൻഷ്യൽ എന്തെന്ന് ഒരിക്കലും അളന്ന് തിട്ടപ്പെടുത്താനാവില്ല…’
ഒരിക്കൽ തോർപ്പ് മരണത്തെയും മുഖാമുഖം കണ്ടു. 2014-ൽ തോളെല്ലിന് ശസ്ത്രക്രിയ നടത്തിയശേഷം അണുബാധയേറ്റതിനെ തുടർന്നായിരുന്നു തോർപ്പ് അതീവഗുരുതരാവസ്ഥയിലായത്. പിന്നീട് ഏറെ പണിപ്പെട്ടാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
പിന്നീട് അമിത മദ്യപാനത്തിനും വിഷാദരോഗത്തിനും അടിമയായി മാറിയ തോർപ്പ് പുനരധിവാസകേന്ദ്രത്തിലെ ചികിത്സക്കുശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
2012-ൽ പുറത്തിറങ്ങിയ ‘ദിസ് ഈസ് മി: ഇയാൻ തോർപ്പ് ’ എന്ന തന്റെ ആത്മകഥയിൽ തോർപ്പ് ഇതെല്ലാം വിസ്തരിച്ചെഴുതുകയും ചെയ്തിട്ടുണ്ട്. വിഷാദ രോഗത്തിനടിമപ്പെട്ട താൻ പലവട്ടം ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
മാനസിക ബുദ്ധിമുട്ടുകൾക്കും വിഷാദ രോഗത്തിനും അടിമപ്പെട്ട് ജീവിതം വഴിമുട്ടി നിന്നപ്പോൾ ആത്മഹത്യയെന്ന ഒറ്റ കാര്യം മാത്രമേ മനസിൽ ഉണ്ടായിരുന്നുള്ളുവെന്നും പുസ്തകത്തിൽ പറയുന്നു. എന്നാൽ പിൽക്കാലത്ത് ചിന്തിച്ചുകൂട്ടിയതൊക്കെയും തെറ്റായി പോയെന്ന് മനസിനോട് ഏറ്റുപറഞ്ഞ് ജീവിതത്തിലേയ്‌ക്ക് തിരിച്ചുവരികയായിരുന്നു ഇയാൻ.
















