ഇതി സഞ്ചിന്ത്യ മനസാ താനുവാച ഹസന്നിവ
വഞ്ചിതാ മത്സ്വരൂപേണ ദൈത്യാ: കിം ഗുരുണാ കില
അഹം കാവ്യോ ഗുരുശ്ചായം ദേവകാര്യ പ്രസാധക:
അനേന വഞ്ചിതാ യൂയം മദ്യാജാ നാfത്ര സംശയ:
വ്യാസന്‍ തുടര്‍ന്നു: ഗുരുവിന്റെ കാപട്യമോര്‍ത്ത് ചിരിച്ചിട്ടെന്നപോലെ ശുക്രാചാര്യര്‍ പറഞ്ഞു: ‘ഇയാള്‍ ബൃഹസ്പതിയാണ്. ഈ ദേവഗുരു നിങ്ങളെ ചതിച്ചിരിക്കുന്നു. ഞാനാണ് ശുക്രാചാര്യന്‍. ഇയാള്‍ ദേവന്‍മാര്‍ക്ക് ഒത്താശ ചെയ്യാന്‍ വന്നിരിക്കുകയാണ്. എന്റെ വേഷം കെട്ടിയ ഈ കള്ളനെ വിശ്വസിക്കരുത്. അയാളെ ഒഴിവാക്കി വിട്ടേക്കുക.
’ അസുരന്മാര്‍ നോക്കിയപ്പോള്‍ ഒരേപോലുള്ള രണ്ടു പേര്‍! അവര്‍ക്ക് ചിന്താക്കുഴപ്പമായി. ബൃഹസ്പതി അവരോടു പറഞ്ഞു: ‘കണ്ടില്ലേ, ഇയാളാണ് കപടവേഷക്കാരന്‍. ദേവകാര്യത്തിനായി ഇപ്പോള്‍ വന്നിരിക്കുകയാണ്’. അപ്പോള്‍ ഇദ്ദേഹം തന്നെയാണ് കാവ്യന്‍ എന്ന് അസുരന്മാര്‍ ഉറപ്പിച്ചു. അദ്ദേഹം പറഞ്ഞു: ‘ശംഭു എനിക്ക് തന്ന മന്ത്രങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കായി പറഞ്ഞു തരാം. അതുകൊണ്ട് നിങ്ങള്‍ക്ക് നിഷ്പ്രയാസം ദേവന്മാരെ തോല്‍പ്പിക്കാം‘.
കാവ്യന്റെ രൂപമെടുത്ത ഗുരു ഇങ്ങനെ പറയുന്നത് കേട്ട ദൈത്യന്മാര്‍ ‘ഗുരു‘വിനെത്തന്നെ ശരിക്കുള്ള ശുക്രനായി കണക്കാക്കി. യഥാര്‍ത്ഥ ശുക്രാചാര്യര്‍ എത്ര ശ്രമിച്ചിട്ടും അസുരന്മാരെ സത്യം പറഞ്ഞു മനസ്സിലാക്കാന്‍ സാധിച്ചില്ല. അസുരര്‍ പറഞ്ഞു: ‘കഴിഞ്ഞ പത്തു വര്‍ഷമായി ഞങ്ങളെ പഠിപ്പിക്കുന്ന ഗുരുവാണ് ഇദ്ദേഹം. ഞങ്ങളുടെ അഭിവൃദ്ധിക്കായാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്. നീയാണ് വഞ്ചകന്‍. നിങ്ങള്‍ക്ക് ഇവിടം വിട്ടു പോകാം‘. എന്നിട്ടവര്‍ കപട ഗുരുവിനെ വണങ്ങി.
‘എന്റെ വാക്കുകള്‍ വിശ്വസിക്കാതിരുന്നതിനാല്‍ നിങ്ങളുടെ ബുദ്ധി കേട്ടുപോകട്ടെ. നിങ്ങള്‍ക്ക് പരാജയം സംഭവിക്കട്ടെ ‘എന്ന് ശുക്രാചാര്യര്‍ ദൈത്യരെ ശപിച്ചു. ‘ദേവഗുരുവിന്റെ കാപട്യം നിങ്ങള്‍ക്ക് ക്രമേണ മനസ്സിലാവും.’ ശുക്രാചാര്യന്‍ ഇങ്ങനെ ക്രുദ്ധനായി അവിടം വിട്ടു പോയപ്പോള്‍ ഗുരു ശാന്തഭാവത്തില്‍ അവിടെത്തന്നെ നിന്നു.
എന്നാല്‍ ശുക്രന്‍ അസുരന്മാരെ ശപിച്ചു എന്നറിഞ്ഞ ഗുരു തന്റെ സ്വരൂപം തിരികെ കൈക്കൊണ്ട് ദേവലോകത്ത് പോയി ഇന്ദ്രനെ കാര്യം അറിയിച്ചു. ‘ഞാന്‍ കാര്യങ്ങള്‍ വേണ്ടപോലെ ചെയ്തിട്ടുണ്ട്. ശുക്രന്‍ അസുരന്മാരെ ശപിക്കുകയും ചെയ്തു. അവര്‍ നിരായുധരാണ്. ദേവന്മാരേ ഇനി നിങ്ങള്‍ക്ക് ധൈര്യമായി അവരോടു യുദ്ധം ചെയ്യാം.’ ഗുരുവിന്റെ വാക്കുകള്‍ കേട്ട് ഇന്ദ്രനും ദേവന്മാരും സന്തോഷിച്ചു.
















