ന്യൂദല്‍ഹി: ഗുസ്തി താരം നര്‍സിംഗ് യാദവിന്റെ ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തിയ 17 കാരനായ ഗുസ്തി താരത്തെ തിരിച്ചറിഞ്ഞതായി സൂചന. വൈകീട്ട് നാലരയ്‌ക്ക് ഗുസ്തി ഫെഡറേഷന്‍ സെക്രട്ടറി നാഡയ്‌ക്ക് മുമ്പാകെ ഇയാളെ ഹാജരാകും.
പ്രമുഖ ഇന്ത്യന്‍ ഗുസ്തി താരത്തിന്റെ സഹോദരനും ജൂനിയര്‍ ഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള താരവുമാണ് മരുന്ന് കലര്‍ത്തിയ വിഷയത്തില്‍ ആരോപണ വിധേയനായി രംഗത്ത് നില്‍ക്കുന്നത്. ഇയാള്‍ നര്‍സിംഗ് യാദവ് താമസിച്ചിരുന്ന സോനപേട്ടിലെ ഹോസ്റ്റലില്‍ നര്‍സിംഗ് ഇല്ലാത്ത സമയം വന്നിരുന്നതായി ചിലര്‍ സൂചിപ്പിച്ചു. ഇത് സായ് സെന്ററിലെ പാചകക്കാരനും സ്ഥിരീകരിച്ചിട്ടുണ്ട്.
65 കിലോ ജൂനിയര്‍ വിഭാഗത്തിലാണ് ഇയാള്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളത്. ഒളിമ്പിക്‌സിന് മുന്നോടിയായി നര്‍സിംഗ് ബള്‍ഗേറിയയില്‍ പരിശീലനം നടത്തുമ്പോള്‍ ഇയാള്‍ കെ.ഡി.ജാഥവ് ഹോസ്റ്റലിലെ നര്‍സിംഗിന്റെ മുറിയുടെ താക്കോല്‍ ആവശ്യപ്പെട്ടിരുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. എന്തിനാണ് നര്‍സിംഗിന്റെ മുറിയുടെ താക്കോല്‍ എന്ന് ഹോസറ്റല്‍ അധികൃതര്‍ ചോദിച്ചപ്പോള്‍ ഇത് പവന്റെ റൂമല്ലെ എന്നായിരുന്നു ഇയാളുടെ മറുപടി.
സുശീല്‍ കുമാര്‍ പരിശീലിക്കുന്ന കേന്ദ്രത്തിലാണ് ഇയാളും പരിശീലനം നടത്തുന്നതെന്ന് നര്‍സിംഗിന്റെ സഹോദരന്‍ ചൂണ്ടിക്കാട്ടി. അതേസമയം സംഭവത്തില്‍ സുശീല്‍ കുമാറിനെതിരെ നേരിട്ട് ആരോപണം ഉന്നയിക്കാന്‍ സഹോദരന്‍ തയ്യാറായില്ല.
നര്‍സിംഗിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ സമല്‍ഖ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ മാസം 24 നാണ് നര്‍സിംഗിന്റെ ഉത്തേജക പരിശോധനാ ഫലം നാഡ പുറത്തുവിട്ടത്. പരിശോധനയില്‍ എ സാമ്പിളും ബി സാമ്പിളും പോസിറ്റീവ് ആണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് നര്‍സിംഗിന്റെ ഒളിമ്പിക് അക്രെഡിറ്റേഷന്‍ തത്കാലമായി മരവിപ്പിച്ചിരുന്നു.
















