കണ്ണൂര്‍: വളപട്ടണം ദേശീയപാതയില്‍ ബസ്സിടിച്ച് മിനിലോറി സ്‌കൂള്‍ മുറ്റത്ത് മറിഞ്ഞു. അപകടത്തില്‍ ലോറി ഡ്രൈവര്‍ സത്താര്‍ (50)ന് ഗുരുതരമായ പരിക്കേറ്റു. ചരക്കുകയറ്റിയ ലോറിയും ബസ്സും തളിപ്പറമ്പ് ഭാഗത്തുനിന്നും കണ്ണൂരിലേക്ക് വരികയായിരുന്നു. എതിരെ വന്ന ഒരു വാഹനത്തെ രക്ഷിക്കാന്‍ ലോറി പെട്ടെന്ന് നിര്‍ത്തേണ്ടിവന്നപ്പോഴാണ് തൊട്ടുപിന്നില്‍ അമിത വേഗതയിലെത്തിയ ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മൂന്നുതവണ മലക്കം മറിഞ്ഞ ലോറി അടുത്തുള്ള നിത്യാനന്ദ സ്‌കൂള്‍ ഗേറ്റിനടുത്തേക്ക് തെറിച്ചുവീണു. ഡ്രൈവറെ കൂടാതെ ലോറിയിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ കണ്ണൂരില്‍ ചികിത്സയിലാണ്.
ക്ലാസ് തുടങ്ങിയ സമയത്തായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. രാവിലെ സ്‌കൂള്‍ ബസ്സുകള്‍ ഗേറ്റിനടുത്തുനിര്‍ത്തിയാണ് വിദ്യാര്‍ത്ഥികളെ ഇറക്കാറുള്ളത്. വളപട്ടണം പോലീസ് സ്ഥലത്തെത്തി മിനിലോറിയും ബസ്സും കസ്റ്റഡിയിലെടുത്തു. മിനി ലോറിപൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.
















