കൊച്ചി: രാജ്യത്തെ ഏറ്റവും ബൃഹത്തായ കായിക മേളയായ റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്‌പോർട്‌സ് (ആർഎഫ്‌വൈഎസ്) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കൊച്ചി ഉൾപ്പെടെ എട്ടു നഗരങ്ങളിൽ സ്‌കൂൾ ടീമുകൾ തമ്മിൽ സൗഹൃദമത്സരം സംഘടിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. കൊച്ചിയിൽ ചോയ്‌സ് സ്‌കൂൾ ഗ്രൗണ്ടിൽ ചോയ്‌സ് സ്‌കൂൾ, എസ് എച്ച് സ്‌കൂൾ ഫുട്‌ബോൾ ടീമുകൾ തമ്മിലായിരുന്നു സൗഹൃദമത്സരം.
മത്സരത്തിനു മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദിയും റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനിയും വീഡിയോ കോൺഫറൻസിലൂടെ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. കൊച്ചി കൂടാതെ ചെന്നെ, ഗോവ, മുംബൈ, ഡൽഹി, കൊൽക്കത്ത, ഗുവാഹത്തി, പൂനെ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടത്.
രാജ്യത്തെ കായിക പ്രോൽസഹനത്തിനുളള റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്‌പോർട്‌സിന്റെ ദൗത്യം നൂതനമാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു.
രാജ്യത്തെ കായിക വികസനത്തിനുള്ള ഈ പദ്ധതി റിലയൻസ് ഫൗണ്ടേഷനും കേന്ദ്ര കായിക മന്ത്രാലയവും ചേർന്നാണ് നടപ്പാക്കുന്നത്.
ആദ്യ വർഷം ആർഎഫ്‌വൈഎസ് ഈ എട്ടു കേന്ദ്രങ്ങളിൽ നാലു വിഭാഗങ്ങളിലായി ഫുട്‌ബോൾ മത്സരങ്ങൾ സംഘടിപ്പിക്കും. ജൂനിയർ ആൺകുട്ടികൾ, സീനിയർ ആൺകുട്ടികൾ, സീനിയർ പെൺകുട്ടികൾ, കോളജ് ആൺകുട്ടികൾ എന്നിങ്ങനെയാണ് വിഭാഗങ്ങൾ.
















