ദുബായ്: വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിലെ മിന്നും പ്രകടനത്തോടെ ഇന്ത്യൻ ഓഫ് സ്പിന്നർ ആർ. അശ്വിൻ ഐസിസി ബൗളിങ് റാങ്കിങിൽ ഒന്നാമതെത്തി. ആന്റ്വിഗ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ ഏഴ് വിക്കറ്റുകൾ വീഴ്‌ത്തിയതാണ് അശ്വിൻ തുണയായത്. 2015 വർഷാവസാനത്തിലും അശ്വിൻ ബൗളിംഗ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
നേരത്തെ ഒന്നാം സ്ഥാനത്തായിരുന്ന പാക് താരം യാസിർ ഷാ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ നിറം മങ്ങിയതാണ് ഷായ്‌ക്ക് വിനയായത്. ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്‌സണാണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരൻ. ഇംഗ്ലണ്ടിന്റെ തന്നെ സ്റ്റുവർട്ട് ബ്രോഡാണ് മൂന്നാമത്.
മറ്റൊരു ഇന്ത്യൻ താരമായ രവീന്ദ്ര ജഡേജ ആറാം സ്ഥാനത്ത്.
അതേസമയം ബാറ്റ്‌സ്മാന്മാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഒരു ഇന്ത്യൻ താരവും ഇടംപിടിച്ചിട്ടില്ല. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി 12-ാം സ്ഥാനത്തേക്ക് ഉയർന്നു. 14-ാം സ്ഥാനത്ത് അജിൻക്യ രഹാനെ. 17, 18 സ്ഥാനങ്ങളിൽ മുരളി വിജയും ചേതേശ്വർ പൂജാരയും ഇടംപിടിച്ചു.
ഓസീസ് നായകൻ സ്റ്റീവൻ സ്മിത്താണ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിങിൽ ഒന്നാമത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് രണ്ടും ന്യുസിലൻഡിന്റെ കെയ്ൻ വില്ല്യംസൺ മൂന്നും സ്ഥാനത്ത്. നായകൻ സ്റ്റീവൻ സ്മിത്ത് തന്നെയാണ് ഒന്നാം സ്ഥാനത്ത്. ടെസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനതെത്തി. ആസ്‌ത്രേലിയയാണ് ഒന്നാമരായി തുടരുന്നത്.
















