അവർ അത്യന്തം ഉത്സാഹത്തോടെ മന്ത്രം പഠിക്കാൻ ഗുരുവിനു മുന്നിൽ ചെന്ന് നിന്നു നമസ്‌കരിച്ചു. ഗുരു അവരെ വഞ്ചിക്കുകയായിരുന്നു എന്നവർ അറിഞ്ഞില്ലല്ലോ.
ജയന്തിയുമായി ക്രീഡിച്ചു കഴിഞ്ഞ ശുക്രൻ പത്തുവർഷം കഴിഞ്ഞപ്പോൾ തന്നെ കാത്തിരിക്കുന്ന ശിഷ്യരെക്കുറിച്ചോർമ്മിച്ചു. ‘ഇന്ന് തന്നെ ഞാനവരെ പോയിക്കാണുന്നുണ്ട്. അവർക്ക് അഭയം നൽകണം‘ എന്നുറച്ച് അദ്ദേഹം ജയന്തിയോട് യാത്രപറഞ്ഞു. പത്തു വർഷം കഴിഞ്ഞതിനാൽ ധർമ്മിഷ്ഠയായ ജയന്തി അദ്ദേഹത്തെ തടഞ്ഞില്ല. അദ്ദേഹത്തെ ഉപചാരപൂർവ്വം അവൾ യാത്രയാക്കി.
അദ്ദേഹം അസുരന്മാരുടെ അടുക്കൽ ചെന്നപ്പോൾ അതാ ദേവഗുരു അവരുടെ മദ്ധ്യത്തിൽ നിൽക്കുന്നു. കള്ളവേഷത്തിൽ ഗുരു അവരെ പഠിപ്പിക്കുന്നത് യജ്ഞനിന്ദയാണെന്ന് ശുക്രാചാര്യർ മനസ്സിലാക്കി. താൻ സ്വയം നിർമ്മിച്ച ജൈനധർമ്മങ്ങൾ വേദമാണെന്ന മട്ടിൽ അദ്ദേഹം അവർക്ക് പകർന്നു കൊടുക്കുകയാണ്. ‘ഹേ അസുരന്മാരെ, അഹിംസയാണ് പരമ ധർമ്മം. നമ്മെ കൊല്ലാൻ വരുന്നവരെപ്പോലും നാം കൊല്ലാൻ പോവരുത്. വേദങ്ങളിൽ പശുഹിംസയെപ്പറ്റി പറയുന്നത് ബ്രാഹ്മണർ തീറ്റക്കൊതിയന്മാരാകയാലാണ്. അവർ ഭോഗലാലസന്മാരുമാണല്ലോ.’ ഇങ്ങനെയുള്ള കാര്യങ്ങളും വേദവുമെല്ലാം വ്യാഴം അവർക്ക് ഉപദേശിക്കുകയാണ്.
‘എന്റെ ശിഷ്യന്മാർ ഈ ദേവഗുരുവിനാൽ വഞ്ചിക്കപ്പെട്ടിരിക്കുന്നു. എന്റെ ശത്രുവാണിയാൾ. ലോഭമാണ് പാപഹേതു. അതുതന്നെ നരകപാതയിലേയ്‌ക്കുള്ള ആദ്യപടി. ദേവഗുരു പോലും കള്ളം പറയുന്നതെത്ര വിചിത്രം! ലോകഹിതത്തിനായി പ്രമാണം നൽകേണ്ടവൻ ഇമ്മട്ടിൽ പ്രവർത്തിച്ചാൽപ്പിന്നെ മലിനമനസ്സുള്ളവന് എന്തുതന്നെ ആയിക്കൂടാ? ഇയാളാണത്രേ ആചാര്യൻ! ഒരു ധർമ്മിഷ്ഠൻ! അതിമൂഢന്മാരായ എന്റെ ശിഷ്യരെ ഇയാൾ കൗശലക്കാരനായ ഒരു നടനെപ്പോലെ വഞ്ചിക്കുകയാണല്ലോ!‘
















