ന്യൂദൽഹി: ഉത്തേജകമരുന്നു പരിശോധനയിൽ കുടുങ്ങിയ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഗുസ്തി താരം നർസിങ് യാദവ്. റിയൊയിലേക്കുള്ള സെലക്ഷൻ കോടതി വരെ എത്തിയിരുന്നു. എന്റെ ജീവന് ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് റിയൊയിലേക്കുള്ള എന്റെ യാത്ര തടയാൻ ഗൂഢാലോചന നടന്നുവെന്നാണെന്നും നർസിങ് പറഞ്ഞു.
ഭക്ഷണത്തിലൂടെയാകാം നിരോധിത മരുന്നുകൾ ശരീരത്തിലെത്തിയതെന്നാണു സംശയം. ഇക്കാര്യം വ്യക്തമാക്കി ഗുസ്തി ഫെഡറേഷന് കത്തു നൽകിയിട്ടുണ്ട്. എല്ലാം കലങ്ങിത്തെളിയുമെന്നാണ് പ്രതീക്ഷ. റിയൊയിലേക്ക് പോകാനാകുമെന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്നും എല്ലാവരും പിന്തുണ നൽകുമെന്നു കരുതുന്നുവെന്നും നർസിങ് പറഞ്ഞു.
അതേസമയം, നർസിങ്ങിന് സുരക്ഷാ ഭീഷണിയുണ്ടായിരുന്നതായി ഗുസ്തി ഫെഡറേഷൻ സ്ഥിരീകരിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെത്തുടർന്ന് താരത്തിന് സുരക്ഷയും ഒരുക്കിയിരുന്നു. പരിശീലനത്തിനിടെ അപകടപ്പെടുത്താൻ ശ്രമമുണ്ടാകുമെന്നായിരുന്നു റിപ്പോർട്ട്. യോഗ്യത നേടിയ താരത്തിന് പരിക്കേറ്റാൽ പകരക്കാരനെ അയയ്‌ക്കാം. ഇതാണ് നർസിങ്ങിനെതിരെ ഭീഷണിക്കു കാരണമെന്നാണ് കരുതുന്നത്. എന്നാൽ, ഉത്തേജകമരുന്നു പരിശോധനയിൽ കുടങ്ങിയാൽ പകരക്കാരനെ പങ്കെടുപ്പിക്കാനാകില്ല.















