ആലപ്പുഴ: മുപ്പത്തിരണ്ടാമത് അഖിലേന്ത്യാ പോസ്റ്റൽ വെയ്റ്റ്‌ലിഫ്റ്റിങ്, പവർലിഫ്റ്റിങ്, ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പ് ഇന്നു മുതൽ 29 വരെ ആലപ്പുഴയിൽ നടക്കും. 12 പോസ്റ്റർ സർക്കിളുകളിൽ നിന്നായി 130 കായികതാരങ്ങൾ മത്സരിക്കും. ഇന്ന് രാവിലെ ജില്ലാ പോലീസ് മേധാവി എ. അക്ബർ ഉദ്ഘാടനം ചെയ്യും. മൂന്നിനങ്ങളിലും എട്ടു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.
പുരുഷൻമാരുടെ മത്സരങ്ങൾ മാത്രമാണ് ഇവിടെ നടക്കുക. ആദ്യ ദിവസം വെയിറ്റിലിഫ്റ്റിങ് മത്സരങ്ങളും, രണ്ടാം ദിവസം പവർലിഫ്റ്റിങ് മത്സരങ്ങളും, മൂന്നാം ദിവസം ശരീര സൗന്ദര്യ മത്സരവും നടക്കുമെന്ന് പോസ്റ്റ്മാസ്റ്റർ ജനറൽ സുമതി രവിചന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
കേരള സർക്കിളിൽ നിന്ന് ആറ് താരങ്ങളാണ് മത്സരിക്കുന്നത്. അഞ്ചു മെഡലുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോമ്പറ്റീഷൻ ഡയറക്ടർ പി. ജെ. ജോസഫ് പറഞ്ഞു.
ടീം ചാമ്പ്യൻഷിപ്പ് കൂടാതെ മിസ്റ്റർ പോസ്റ്റൽ, ബെസ്റ്റ് ലിഫ്റ്റർ തുടങ്ങിയ വിഭാഗങ്ങളിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പുകളിലും മത്സരം ഉണ്ടാകും.
ഇന്റർനാഷണൽ റഫറിമാരായിരിക്കും മത്സരങ്ങൾ നിയന്ത്രിക്കുക. 29ന് വൈകിട്ട് നാലരയ്‌ക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ഒളിമ്പ്യൻ മനോജ്‌ലാൽ, ആലപ്പുഴ നഗരസഭാ ചെയർമാൻ തോമസ് ജോസഫ് എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ വിനോദ്കുമാർ, എം. മോഹനദാസ്, ആർ. വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
















