ലോസെയ്ൻ: റിയൊ ഒളിമ്പിക്‌സിൽ പങ്കെടുക്കാനുള്ള റഷ്യൻ പങ്കാളിത്തത്തിന് തിരിച്ചടി. ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് 68 റഷ്യൻ കായികതാരങ്ങൾ സമർപ്പിച്ച ഹർജി ലോക കായിക തർക്കപരിഹാര കോടതി തള്ളി. ഇതോടെ, ഈ അത്‌ലറ്റുകളടക്കം റിയൊയിൽ റഷ്യൻ താരങ്ങൾ ട്രാക്കിലിറങ്ങാനുള്ള സാധ്യത വിദൂരമായി. റഷ്യൻ പങ്കാളിത്തം സംബന്ധിച്ച് രാജ്യാന്തര ഒളിമ്പിക് സമിതി (ഐഒസി) ഞായറാഴ്ച അന്തിമ തീരുമാനമെടുക്കാനിരിക്കെയാണ് കോടതി വിധി.
സർക്കാർ സഹയാത്തോടെ ഉത്തേജക മരുന്ന് ഉപയോഗിച്ചാണ് റഷ്യൻ അത്‌ലറ്റുകൾ അന്താരാഷ്‌ട്ര കായികമേളകളിൽ പങ്കെടുക്കുന്നതെന്ന ലോക ഉത്തേജകവിരുദ്ധ ഏജൻസിയുടെ (വാഡ) കണ്ടെത്തലാണ് റഷ്യയുടെ വിലക്കിലേക്ക് നയിച്ചത്. ഒളിമ്പിക്‌സിൽ റഷ്യയെ പങ്കെടുപ്പിക്കരുതെന്നും വാഡ നിർദേശിച്ചു. ഇതോടെ, ആരോപണവിധേയരല്ലാത്ത 68 അത്‌ലറ്റുകൾ ഒളിമ്പിക്‌സ് പങ്കാളിത്തം കായിക തർക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന ഐഒസി യോഗം ഈ വിഷയം ചർച്ച ചെയ്‌തെങ്കിലും തീരുമാനത്തിലെത്തിയില്ല. ഐഒസി നിയോഗിച്ച കനേഡിയൻ നിയമവിദഗ്ധൻ റിച്ചാർഡ് മക് ലാരൻ നൽകിയ റിപ്പോർട്ടിലും റഷ്യയുടെ നിയമവിരുദ്ധ നടപടികൾ ചൂണ്ടിക്കാട്ടുന്നു. 2014ൽ റഷ്യയിലെ സോച്ചിയിൽ നടന്ന ശീതകാല ഒളിമ്പിക്‌സിൽ റഷ്യൻ താരങ്ങൾ ഉത്തേജകമരുന്ന് ഉപയോഗിച്ചതായും, പിന്നീട് ഇവരുടെ മൂത്രസാംപിളുകൾ മാറ്റിയതായും മക്‌ലാരൻ കണ്ടെത്തി. മൂത്രസാംപിളുകൾ മാറ്റി പുതിയതു നിറച്ചത് സർക്കാർ പിന്തുണയോടെയായിരുന്നു. ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമാണ് ഇതിനു ചുക്കാൻ പിടിച്ചതെന്നും ഉപസ്‌പോർട്‌സ് മന്ത്രി യൂറി നഗോർനിഖാണ് നേതൃത്വം നൽകിയതെന്നും മക് ലാരൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കോടതി വിധി വന്നതോടെ ഐഒസിയുടെ തീരുമാനവും ആ വഴിക്കാകുമെന്നാണ് സൂചന. അതേസമയം, റഷ്യയെ ഒഴിവാക്കുന്നതിൽ ഐഒസിയിൽ എതിരഭിപ്രായമുണ്ട്. യുഎസിന്റെ നേതൃത്വത്തിൽ ചില രാജ്യങ്ങൾ പൂർണമായും വിലക്കണമെന്നാവശ്യപ്പെടുമ്പോൾ യൂറോപ്പ് എതിർക്കുന്നു. കളങ്കിതരല്ലാത്ത അത്‌ലറ്റുകളെ പങ്കെടുപ്പിക്കണമെന്നാണ് ഇവരുടെ വാദം. ഐഒസി പ്രസിഡന്റ് തോമസ് ബാക്കും ഈ നിലപാടുകാരൻ. ലോകത്തിലെ കായികശക്തികളൊന്നായ റഷ്യയില്ലാത്ത ഒളിമ്പിക്‌സാകുമോ റിയൊയിലേതെന്നറിയാൻ ദിവസങ്ങൾ മാത്രം.
















