മുംബൈ: ഭാരതത്തിന്റെ രണ്ടാമത്തെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിരാട് വരികയായി കൊച്ചിയിലേക്ക്, ജോലികളെല്ലാം പൂര്‍ത്തിയാക്കി വിശ്രമത്തിന്. ആദ്യം ബ്രിട്ടീഷ് നാവിക സേനയെയും പിന്നീട് ഭാരത നാവിക സേനയേയുമായി 58 വര്‍ഷം സേവിച്ച യുദ്ധക്കപ്പല്‍ ചരിത്രത്തിലേക്ക് ചേക്കേറുകയാണ്. നാളെ വിരാട് അവസാന യാത്ര തുടങ്ങും, മുംബയില്‍ നിന്ന് കൊച്ചിയിലേക്ക്, 27ന് കൊച്ചിയില്‍ എത്തും. ഇവിടെ തെക്കന്‍ നാവിക കമാന്‍ഡില്‍ നങ്കൂരമിടും.
കപ്പല്‍ നവംബറില്‍ ഡീ കമ്മീഷന്‍ ചെയ്യും. അതിനു ശേഷം 226.5 മീറ്റര്‍ നീളമുള്ള കപ്പല്‍ എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. കപ്പല്‍ സ്മാരകമാക്കണമെന്നാണ് നിര്‍ദ്ദേശങ്ങള്‍. ഇതിന് 400 കോടി രൂപ ചെലവ് വരും.
ബ്രിട്ടീഷ് നാവികസേനയുടെ എച്ച്എംഎസ് ഹെര്‍മിസാണ് ഭാരതം വാങ്ങി പേരുമാറ്റി 1987 മെയില്‍ സൈന്യത്തില്‍ ചേര്‍ത്തത്. 59 മുതല്‍ 84 വരെ ബ്രിട്ടീഷ് സൈന്യത്തെ സേവിച്ചു. 87 മുതല്‍ 2016 വരെ ഭാരതത്തെയും. ഈ കപ്പലില്‍ ഉണ്ടായിരുന്ന സീ ഹാരിയര്‍ വിമാനങ്ങള്‍ ഈ മെയ് ആറിനാണ് സൈന്യത്തില്‍ നിന്ന് നീക്കിയത്. ഭാരതത്തിന്റെ മൂന്നാമത്തെ വിമാനവാഹിനി റഷ്യയുടെ ഗോര്‍ഷ്‌ക്കോവ് വാങ്ങി നവീകരിച്ചെടുത്ത ഐഎന്‍എസ് വക്രമാദിത്യയാണ്. നമ്മുടെ നാലാമത്തെ വിമാനവാഹിനി നാം പുതുതായി നിര്‍മ്മിക്കുന്നതാണ്, അതും കൊച്ചി കപ്പല്‍ശാലയില്‍. നമ്മുടെ ആദ്യ വിമാനവാഹിനിയുടെ സ്മരണ നിലനിര്‍ത്താന്‍ ഐഎന്‍എസ് വിക്രാന്ത് എന്നാണ് ഇതിന് പേരിടുക.ഈ കപ്പല്‍ 2018ല്‍ നാവിക സേനയില്‍ ഉള്‍പ്പെടുത്തും.
















