മുംബൈ: ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയെ പ്രണയിച്ച ദളിത് വിദ്യാർത്ഥിയെ പെൺകുട്ടിയുടെ വീട്ടുകാർ തല്ലിക്കൊന്നു. നവിമുംബൈയിലെ ധാരവ ഗ്രാമത്തിലെ സ്വപ്നിൽ സോൻവാനെയാണ്(17) 25ഓളം വരുന്ന അക്രമി സംഘം മർദ്ദിച്ച് കൊലപ്പെടുത്തിയത്.
പ്രദേശത്തെ ഉന്നത ജാതിയിൽപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയുമായി സ്വപ്നിൽ കടുത്ത പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തോട് പെൺകുട്ടിയുടെ വീട്ടുകാർക്ക് കടുത്ത എതിർപ്പായിരുന്നു. ഈ അമർഷത്തിൽ കഴിഞ്ഞ ദിവസം 25 പേരോളം അടങ്ങുന്ന പെൺകുട്ടിയുടെ വീട്ടുകാർ സ്വപ്നലിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു പോകുകയും ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയെ പ്രണയിക്കാനായോ എന്ന് ചോദിച്ച് മർദ്ദിക്കുകയായിരുന്നു.
ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് സ്വപ്നിലെ അക്രമി സംഘം മർദ്ദിക്കുകയും ചെയ്തു. ഇവരുടെ ക്രൂരമായ ആക്രമണത്തിൽ മൃതപ്രായനായ സ്വപ്നലിനെ സമീപ വാസികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടർന്ന് സ്വപ്നിലിന്റെ വീട്ടുകാർ റിപ്പബ്ലിക് പാർട്ടി ഓഫ് ഇന്ത്യയുടെ സഹായത്തോടെ പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പോലീസ് വിസമ്മതിക്കുകയായിരുന്നു.
തുടർന്ന്മുംബൈ പോലീസ് ഉദ്യോഗസ്ഥർ മുഖാന്തരം അക്രമികളായ പെൺകുട്ടിയുടെ സഹോദരന്മാർ, മാതാവ്, മറ്റ് കുടുംബക്കാർക്കെതിരെ കേസ് രജിസ്ട്രർ ചെയ്യുകയായിരുന്നു. ഇവർക്കെതിരെ കൊലപാതകം, കടത്തിക്കൊണ്ടു പോകൽ , ദളിതരെ ആക്രമിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.നേരത്തെ കേസ് രജിസ്ട്രർ ചെയ്യാൻ വിസമ്മതിച്ച പോലീസുകാരെ അന്വേഷണ വിധേയമായി മുംബൈ പോലീസ് സസ്പെൻഡ് ചെയ്തു.
















