ന്യൂദൽഹി: കിഴക്കൻ ദൽഹിയിലെ മയൂർ വിഹാർ എക്സ്റ്റൻഷനിലുള്ള ഫ്‌ളാറ്റിൽ മലയാളിയെ കുത്തേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചൊവ്വരപുറവരിയ്‌ക്കൽ പി.ബി. വിജയകുമാർ(66) ആണ് മരിച്ചത്. സമാചാർ അപ്പാർട്ട്‌മെന്റിലെ 129-ാം നമ്പർ ഫ്‌ളാറ്റിലെ കിടപ്പുമുറിയിൽ ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ദൽഹി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പിൽ നിന്നും വിരമിച്ച വിജയകുമാറും ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥയായ ഭാര്യ വസുന്ധരാദേവിയും മാത്രമാണ് ഫ്‌ളാറ്റിൽ താമസിക്കുന്നത്. മകൾ അമ്പിളിയും കുടുംബവും സമീപത്തുള്ള മറ്റൊരു ഫ്‌ളാറ്റിൽ താമസിക്കുന്നുണ്ട്. ഉച്ചയോടെ മകൾ വിജയകുമാറിനെ കാണുന്നതിനായി എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.കവർച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം എന്ന് സംശയമുണ്ട്.
















