ന്യൂദൽഹി: ചരിത്ര പ്രസിദ്ധമായ തിരംഗയാത്രയ്‌ക്ക് കാൽനൂറ്റാണ്ടു പിന്നിടുമ്പോൾ ബിജെപി വീണ്ടും തിരംഗയാത്ര നടത്തുന്നു. ആഗസ്ത് 15 മുതൽ 22 വരെ ഒരാഴ്ചയാണ് ആഘോഷങ്ങൾ.
ഭാരതത്തിന്റെ മൂവർണ്ണക്കൊടി കശ്മീർ മണ്ണിൽ ഉയരാൻ അനുവദിക്കില്ലെന്ന് വിഘടനവാദികളും പാക് ഭീകരരും പ്രഖ്യാപിച്ച കാലം.
1991ൽ കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലെ ലാൽചൗക്കിലേക്ക് പാർട്ടി ദേശീയ അധ്യക്ഷൻ മുരളീ മനോഹർ ജോഷി നയിച്ച ഏകതാ യാത്രയായിരുന്നു അന്ന് ദേശീയ പ്രസ്ഥാനം നൽകിയ മറുപടി. ഈ യാത്രയുടെ മുഖ്യസംഘാടകനായിരുന്നു ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയകരമായി കശ്മീരിൽ പ്രവേശിച്ച പ്രവർത്തകർ ലാൽചൗക്കിൽ ത്രിവർണ്ണ പതാക ഉയർത്തിയത് ചരിത്രത്തിന്റെ ഭാഗം.
കാൽനൂറ്റാണ്ടിന് ശേഷം ഒരിക്കൽക്കൂടി തിരംഗ യാത്രയുമായി ബിജെപി രംഗത്തെത്തുമ്പോൾ കശ്മീർ വീണ്ടും സംഘർഷഭരിതമാണ്. രാജ്യമെങ്ങും ഒറ്റമനസ്സാണെന്ന് ഉറക്കെ പ്രഖ്യാപിക്കാൻ വീണ്ടും തിരംഗയാത്രയ്‌ക്ക് ആഹ്വാനം നൽകിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നതും ശ്രദ്ധേയം. ഭാരതത്തിന്റെ 70-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യമെങ്ങും തിരംഗയാത്ര നടത്താൻ പാർലമെന്റ് സമ്മേളനത്തിനിടെ ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രിയാണ് നിർദ്ദേശിച്ചത്.
നിലവിലെ മികച്ച അന്തരീക്ഷം കാത്തുസൂക്ഷിക്കണം. എന്നാൽ ജാഗ്രത പുലർത്തുകയും വേണം, പാർട്ടി നേതാക്കളോടും എംപിമാരോടും അദ്ദേഹം പറഞ്ഞു.
എംപിമാരും എംഎൽഎമാരും അടക്കമുള്ള എല്ലാ ജനപ്രതിനിധികളും തങ്ങളുടെ മണ്ഡലങ്ങളിൽ ത്രിവർണ്ണ പതാകയുമായി എത്തണമെന്നും മോദി നിർദ്ദേശിച്ചു. ആഗസ്ത് 15 മുതൽ 22 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ സംഘടിപ്പിക്കാനാണ് പാർട്ടി എംപിമാർക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകിയത്.
എട്ടടിയോളം നീളമുള്ള ദേശീയ പതാകയുമായി ഇരുചക്രവാഹനങ്ങളിൽ മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലും തിരംഗ യാത്ര എത്തണം. ജനപ്രതിനിധികളില്ലാത്ത സ്ഥലങ്ങളിൽ പാർട്ടി ജില്ലാ ഘടകം വേണം പരിപാടി സംഘടിപ്പിക്കേണ്ടത്.
രാജ്യമെങ്ങും നടക്കുന്ന യാത്രയുടെ നടത്തിപ്പിനായി കേന്ദ്രവാർത്താവിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു അധ്യക്ഷനായ സമിതി രൂപീകരിച്ചിട്ടുണ്ട്. പാർട്ടി പ്രസിഡന്റ് അമിത് ഷായുമായുള്ള ചർച്ചയ്‌ക്ക് ശേഷം പിരിപാടിയുടെ അന്തിമ രൂപം തയ്യാറാക്കുമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.















