ന്യൂദല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ പോലീസ് പൂര്‍ണമായും കുറ്റവിമുക്തയാക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ചില കാര്യങ്ങള്‍ ഇപ്പോഴും പോലീസ് പരിശോധിച്ച് വരികയാണ്. കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം തരാറിനെ പോലീസ് ദല്‍ഹിയിലെ ഒരു ആഢംബര ഹോട്ടലില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.
ശശി തരൂരിനെ തുടര്‍ച്ചയായി തരാര്‍ ഫോണില്‍ വിളിക്കാറുണ്ടോയെന്നും വിദേശത്തോ ഭാരതത്തിലോ വച്ച് കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോയെന്നും പോലീസ് ആരാഞ്ഞു. എന്താണ് തരൂരുമായി സംസാരിച്ചിട്ടുളളതെന്നും പോലീസ് അവരോട് ചോദിച്ചു.
തരൂരിന്റെ ടൈംലൈനില്‍ കണ്ട ചില ട്വീറ്റുകളെക്കുറിച്ചും പോലീസ് അന്വേഷിച്ചു.
2013ല്‍ തരാറും തരൂരും ദുബായില്‍ മൂന്ന് ദിവസം ചെലവിട്ടതായി മാധ്യമപ്രവര്‍ത്തകയായ നളിനി സിങിനോട് സുനന്ദ പുഷ്കര്‍ പറഞ്ഞിരുന്നു. ഇതേക്കുറിച്ചും പോലീസ് അന്വേഷിച്ചു. എന്നാല്‍ സുനന്ദ ആരോപിച്ചിരുന്നത് പോലെ തരൂരിന് എന്തെങ്കിലും സന്ദേശങ്ങള്‍ അയക്കുകയോ തുടര്‍ച്ചയായി വിളിക്കുകയോ ചെയ്തിട്ടില്ലെന്നാണ് തരാറിന്റെ വെളിപ്പെടുത്തല്‍. തരാര്‍ ഒരു ദിവസം ഇരുപത് തവണ തരൂരിനെ വിളിച്ചെന്നാണ് മരിക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസം സുനന്ദ ആരോപിച്ചത്.
ഏറ്റവും നല്ല പ്രതികരണം ഒന്നും പറയാനില്ലെന്ന് പറയുന്നതാണെന്ന് ചോദ്യം ചെയ്യലിന് ശേഷം മടങ്ങിയ തരാര്‍ രാത്രി ഏഴരയോടെ ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: