കേരളം രാമായണ ശീലുകള്‍ കേട്ടുണരുകയും ഉറങ്ങുകയും ചെയ്യുന്ന കര്‍ക്കടക മാസമായി. ആധുനിക ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ ടിവി ചാനലുകളും, വര്‍ത്തമാന പത്രങ്ങളും, ഇൻറർനെറ്റും എല്ലാം പലതലത്തില്‍ രാമായണത്തിന്റെ സ്വാധീനത്തില്‍ വന്നിരിക്കുന്നു. രാമായണ അനുസന്ധാനത്തിലൂടെ ഹിന്ദുസംസ്‌കൃതിയുടെ അടിസ്ഥാനശിലകളെ ഓര്‍മ്മിപ്പിക്കുകയും അവയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യാന്‍ ഹൈന്ദവ സാമൂഹ്യസംഘടനകള്‍ ഈയവസരത്തില്‍ പരിശ്രമിക്കുന്നു.
രാമായണവും പുരാണങ്ങളുമെല്ലാം ജീര്‍ണിച്ച പിന്തിരിപ്പന്‍ വ്യവസ്ഥിതികളുടെ ശേഷിപ്പുകള്‍ മാത്രമാണെന്നും അവയെയൊക്കെ പിന്തള്ളിക്കൊണ്ട് സമൂഹം മുന്നേറുകയാണ് വേണ്ടതെന്നും ഇടതുപക്ഷചിന്തകരും യുക്തിവാദികളും വാദിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ വളരെ ശക്തമായ പ്രചാരണം തന്നെ ഈ ദിശയിലുണ്ടായിരുന്നു. ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ഒക്കെയാണ് അത്തരം ചര്‍ച്ചകള്‍ സജീവമായി കാണുന്നത്.
രാമായണം സൃഷ്ടിക്കുന്ന സാമൂഹ്യാന്തരീക്ഷത്തില്‍ വളര്‍ന്നുവരാന്‍ സാദ്ധ്യതയുള്ള ഹൈന്ദവ രാഷ്‌ട്രീയാവബോധത്തെ തടയിടാന്‍ ശ്രമിക്കുന്ന മറ്റു മതസംഘടനകളും അവയുടെ അനുയായികളും ഇപ്പോള്‍ സജീവമായി ഈ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു എന്നതാണ് പുതുതായി കാണുന്ന ഒരു പ്രതിഭാസം.
കാരണങ്ങള്‍ എന്തൊക്കെയായാലും മനുഷ്യരാശിയുടെ ആദിമകാവ്യമെന്ന് വിലയിരുത്തപ്പെടുന്ന രാമായണം നമ്മുടെ മനസ്സില്‍ ഇന്നൊരു ചര്‍ച്ചാവിഷയമായി കൂടിയതോതില്‍ കടന്നുവന്നുകൊണ്ടിരിക്കുന്നു എന്നത് നിസ്തര്‍ക്കമാണ്. വാദപ്രതിവാദങ്ങളില്‍ സ്‌കോര്‍ നേടാനായിട്ടാണെങ്കിലും തങ്ങളുടെ വീക്ഷണങ്ങള്‍ക്ക് പിന്‍ബലമേകുന്ന പ്രസ്താവങ്ങളും വര്‍ണ്ണനകളും തേടി എല്ലാ വിഭാഗക്കാരും ഇന്നിപ്പോള്‍ രാമായണ ശീലുകളിലൂടെ തപ്പിനടക്കുന്നു.
എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം പലയാവര്‍ത്തി വായിക്കാന്‍ അവസരം കൈവന്നിട്ടുള്ള ഒരു വ്യക്തിയാണ് ഈ ലേഖകന്‍. ഓരോ തവണ വായിക്കുമ്പോഴും പുതിയ പുതിയ ചിന്തകള്‍ ഉണര്‍ന്നു വരുന്നു എന്നതാണ് എന്റെ അനുഭവം. അടച്ചാക്ഷേപിക്കാന്‍ മാത്രമായി അതില്‍ ഗവേഷണം നടത്തുന്നവര്‍ക്കും സ്വയം മനസ്സാക്ഷിക്കുത്തുണ്ടാവാതെ അതു ചെയ്യാന്‍ കഴിയില്ല. എത്ര നിശിതമായ വിമര്‍ശനങ്ങള്‍ക്കും ചില മറുവശങ്ങള്‍ കാണിച്ചു കൊടുക്കുന്ന ഒരു തുറന്ന സമീപനമാണ് ഹിന്ദുപുരാണങ്ങളുടെ ഒരു സവിശേഷത എന്നെനിക്കു തോന്നുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: