ന്യൂദല്‍ഹി: രാജ്യത്തെ ഭക്ഷണ സാധനങ്ങളുടെ പാക്കറ്റുകളിൽ 100% ഫ്രഷ് അല്ലെങ്കിൽ 100% ശുദ്ധം എന്ന് രേഖപ്പെടുത്തുന്നത് പൂർണമായും നിരോധിക്കാൻ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് അതോറിട്ടി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ജൂലൈ ഒന്നു മുതൽ ഈ പുതിയ തീരുമാനം രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിനും ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഉല്പന്നങ്ങൾ നൽകി സുതാര്യത ഉറപ്പാക്കുന്നതിനുമായാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിട്ടി പുതിയ മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്.
പുതിയ നിയമം വരുന്നതോടെ ഭക്ഷ്യ ഉല്പാദക കമ്പനികൾ തങ്ങളുടെ സാധനങ്ങളുടെ പാക്കറ്റുകളിൽ 100% ശുദ്ധമെന്ന ലേബലുകൾ പതിക്കാനോ പാക്കേജിങ് കവറുകളിലോ പരസ്യങ്ങളിലോ പ്രൊമോഷണൽ വീഡിയോകളിലോ ഇത്തരം അവകാശവാദങ്ങൾ ഉൾപ്പെടുത്താനോ പാടില്ല. വിപണിയിലുള്ള പല ഉല്പന്നങ്ങളും ശരിയായ ഗുണനിലവാരം ഇല്ലാത്തതാണെന്നും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകളാണ് ഇവയിലുള്ളതെന്നും പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടികളിലേക്ക് കടക്കാൻ എഫ്എസ്എസ്എഐ തീരുമാനിച്ചത്.
ഇനിമുതൽ ഉല്പന്നങ്ങളിൽ ചേർക്കുന്ന ചേരുവകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലേബലിൽ നൽകാൻ കമ്പനികൾ ബാധ്യസ്ഥരാണ്.











