മനോജ് കുശാക്കല്‍
ചേര്‍ത്തല: താലൂക്കില്‍ ചിക്കുന്‍ഗുനിയാ രോഗം നാശം വിതച്ചിട്ട് പത്ത് വര്‍ഷം തികയുന്നു. നിരവധി പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗം മൂലം അവശരായി ഇന്നും എഴുന്നേറ്റ് ഇരിക്കുവാന് പോലും ആകാതെ കഴിയുന്നവര്‍ നിരവധിയാണ്. 2006ല്‍ ജൂലൈയിലാണ് താലൂക്കില്‍ ചിക്കുന്‍ഗുനിയ രോഗം പടര്‍ന്ന് പിടിച്ചത്. തുടക്കത്തില്‍ രോഗം എന്താണ് എന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ആഗസ്റ്റ് ആയപ്പോഴാണ് ചിക്കുന്‍ഗുനിയ രോഗമെന്ന് തിരിച്ചറിയുന്നത്. ഇതിനോടകം പലരും രോഗം മൂര്‍ച്ഛിച്ച് മരണപ്പെട്ടിരൂന്നു. പനിയോടെയാണ് രോഗലക്ഷണം ആരംഭിക്കുന്നത്. തുടര്‍ന്ന് കാലിന്റെ മുട്ട്, ഉപ്പൂറ്റി എന്നിവക്ക് ശക്തമായ വേദന അനുഭവപ്പെടും. രോഗം പടര്‍ന്നതിനെത്തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് തന്നെ തുറന്ന് കുടുതല്‍ ഡോക്ടര്‍മാരെയും നിയമിച്ചു. ഒക്ടോബര്‍ ആയപ്പോഴേക്കും രോഗം ബാധിച്ച് നൂറില്‍പരം ആള്ക്കാര് മരിച്ചു. അദ്യഘട്ടത്തില്‍ തന്നെ രോഗം ബാധിച്ച മരുത്തോര്‍വട്ടം വളാംചിറയില് മുരളീധരന് നായര്‍ (56) ഇന്നും രോഗത്തില്‍ നിന്നും മുക്തനായിട്ടില്ല. ഹോട്ടല്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന് തുടക്കത്തില്‍ ചികിത്സ കിട്ടാതിരുന്നതിനെ തുടര്‍ന്ന് കാലിലെ ഞരമ്പ് തകരാറിലായി ഇരുകാലുകളും തളര്‍ന്ന് പോകുകയായിരൂന്നു. മെഡിക്കല്‍ കോളേജ് ആശുപത്രി ഉള്‍പ്പെടെ വിവിധ ആശുപത്രിയില്‍ ചികിത്സിച്ചുവെങ്കിലും ഇന്നും കിടപ്പ് തന്നെ. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നത് കിടക്കയില്‍ തന്നെയാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി ജോലികള്‍ക്ക് ഒന്നും പോകാതെ ഭാര്യ സുനന്ദാമണി കൂടെ നിന്ന് എല്ലാ കാര്യങ്ങളും ചെയ്യുന്നു. പലരുടെയും സഹായത്താലാണ് മരുന്നും മറ്റുചെലവുകളും നടക്കുന്നത്. മുരളിധരന് നായര്‍ കിടപ്പായതിനെ തുടര്‍ന്ന് പ്രദേശത്തെ സഹകരണ ബാങ്കില്‍ നിന്ന് എടുത്ത വായ്പ ജപ്തി വരെ എത്തി നില്ക്കുന്നു. ഇന്നും മരുന്നുകള്‍ക്കായി മാസം രണ്ടായിരം രൂപയാണ് ഇവര്‍ ചിലവിടുന്നത്. ഇത്തരത്തില്‍ നിരവധി പേര് രോഗത്തിന് അടിപ്പെട്ട് ഇന്നും കഴിയുന്നു. ഇവരെ സഹായിക്കുവാനും ഇവരുടെ ചികിത്സാ സൗജന്യമാക്കുവാനും ആരോഗ്യ വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: