ന്യൂദല്‍ഹി: ഹരിദ്വാറില്‍ നടന്ന അര്‍ധ കുംഭമേളയെ ലക്ഷ്യമാക്കി ഭീകരാക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ (ദേശീയ രഹസ്യാന്വേഷണ ഏജന്‍സി). അറസ്റ്റിലായ അഞ്ച് ഐഎസ് അനുകൂലികളെ ചോദ്യം ചെയ്തപ്പോഴാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതെന്ന് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ എന്‍ഐഎ പറയുന്നു. രാജ്യ തലസ്ഥാനമായ ദല്‍ഹിയില്‍ ഭീകരാക്രമണം നടത്താനും ഇവര്‍ ആസൂത്രണം നടത്തിയിരുന്നതായും എന്‍ഐഎ അറിയിച്ചു.
അഖ്‌ലാക്കൂര്‍ റഹ്മാന്‍, മുഹമ്മദ് അസീമുഷാന്‍, മുഹമ്മദ് മീരജ്, മുഹമ്മദ് ഒസാമ, മോഹ്‌സിന്‍ ഇബ്രാഹിം സയിദ്, യൂസഫ് അലി ഹിന്തി എന്നിവര്‍ക്കെതിരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇവരില്‍ യൂസഫ് അലി ഒളിവിലാണ്. ഇയാള്‍ സിറിയയിലേക്ക് കടന്നതായാണ് എന്‍ഐഎ സംശയിക്കുന്നത്. ബാക്കിയുള്ളവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം തിഹാര്‍ ജയിലിലേക്ക് അയച്ചു.
സിറിയയില്‍ ആയുധ പരിശീലനം നേടിയവരാണ് പിടിയിലായവര്‍. ഇവര്‍ക്ക് മാരകകരമായ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാനുള്ള പരിശീലനം ലഭിച്ചിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിന്റെയും വിവാദ മുസ്‌ലിം പുരോഹിതരുടേയും പ്രസംഗങ്ങളുടെ വീഡിയോകള്‍, ബോംബ് മേക്കിംഗ് വീഡിയോ, ഐഎസ് ഭീകരുടെ ചിത്രങ്ങള്‍ തുടങ്ങിയവ ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തതായും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.















