പയ്യാവൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ പയ്യാവൂര്‍-കുന്നത്തൂര്‍-കാഞ്ഞിരക്കൊല്ലി റോഡിന്റെ വികസനത്തിന് പതിറ്റാണ്ടുകളുടെ കാത്തിരിപ്പ് മാത്രം ബാക്കി.
കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ പയ്യാവൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കാഞ്ഞിരക്കൊല്ലി, പ്രകൃതിരമണീയത കൊണ്ടും അളകാപുരി വെള്ളച്ചാട്ടം, ശശിപ്പാറ എന്നിവകൊണ്ടും ടൂറിസം രംഗത്ത് വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കിയ പ്രദേശമാണ്. നൂറുകണക്കിനാളുകളാണ് നിത്യേന ഈ പ്രദേശത്തേക്ക് പ്രസ്തുത റോഡുവഴി എത്തിച്ചേരുന്നത്. അതുപോലെ ശ്രീമുത്തപ്പന്റെ ആരൂഢമായ കുന്നത്തൂര്‍ പാടി, മീനപ്പൊങ്കാല മഹോത്സവം നടക്കുന്ന ചാമക്കാല്‍ ശ്രീ ഭഗവതി ക്ഷേത്രം, പാവങ്ങളുടെ അമ്മയായ പാടാന്‍കവല മദര്‍ തെരേസ തീര്‍ത്ഥാടന ദേവാലയം എന്നിവ ഭക്തജനങ്ങളുടെ സങ്കേത സ്ഥലം എന്നതിനാല്‍ ആയിരങ്ങള്‍ എത്തിച്ചേരുന്നു. കൂടാതെ പയ്യാവൂര്‍ പഞ്ചായത്തിലെ ഏഴു വാര്‍ഡുകള്‍ സ്പര്‍ശിച്ചുകടന്നുപോകുന്ന പയ്യാവൂര്‍-കുന്നത്തൂര്‍-കാഞ്ഞിരക്കൊല്ലി റോഡിന്റെ ഇരുവശത്തുമായി ആയിരങ്ങള്‍ താമസിക്കുന്നു. നിരവധി ഹരിജന്‍ കോളനികളും സ്ഥിതിചെയ്യുന്നു.
എന്നാല്‍ പല സര്‍ക്കാരുകളും മാറിമാറി ഭരിച്ചിട്ടും, 35 വര്‍ഷമായി സ്ഥലം എംഎല്‍എ ആയ കെ.സി.ജോസഫ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തിട്ടും, ഇത്രയും പ്രാധാന്യം നിറഞ്ഞ ഈ റോഡിന് ശാപമോക്ഷം മാത്രം ലഭിച്ചില്ല. യുഡിഎഫ് ഭരണ കാലത്ത് റോഡിനിരുവശത്തുമുള്ള ഭൂവുടമകള്‍ റോഡ് വികസനത്തിനാവശ്യമായ സ്ഥലം വിട്ടുനല്‍കുന്നതിന് സമ്മതപത്രം ഒപ്പിട്ടുനല്‍കിയിരുന്നു. ബന്ധപ്പെട്ട പൊതുമരാമത്ത് അധികാരികള്‍ ടൂറിസത്തിലുള്‍പ്പെടുത്തി മെക്കാഡം ടാറിംഗ് ചെയ്തുതരാമെന്ന് പറയുന്നുണ്ടെങ്കിലും എന്ന് യാഥാര്‍ത്ഥ്യമാകുമെന്ന് പറയാനാവാത്ത സ്ഥിതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: