ന്യൂദല്‍ഹി: ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിനെ പരിപൂര്‍ണ്ണമായും സംരക്ഷിക്കാനും മേലില്‍ പാര്‍ലമെന്റിനു നേരെ ആക്രമണം ഉണ്ടാകാതിരിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചു. ഓപ്പറേഷന്‍ ഗോള്‍ഡന്‍ നോസ് (സ്വര്‍ണ നാസിക) എന്നാണ് ഇതിന്റെ പേര്. സ്‌ഫോടകവസ്തുക്കള്‍ മണത്തു കണ്ടെത്താന്‍ പ്രതേ്യക പരിശീലനം നേടിയ നായ്‌ക്കളുടെ സംഘത്തെയാണ് ഇതിന് നിയോഗിക്കുക. ക്രാക് കെ 9 സംഘം എന്നാണ് ഇവ അറിയപ്പെടുക.
സ്‌ഫോടകവസ്തുക്കള്‍ അതീവ രഹസ്യമായി കടത്തുന്നത് തടയാന്‍ പലപ്പോഴും മനുഷ്യര്‍ക്ക് കണ്ടെത്താന്‍ കഴിയാറില്ല. പ്രത്യേക പരിശീലനം നേടിയ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ നായ്‌ക്കള്‍ക്ക് എന്തു സ്‌ഫോടക വസ്തുവും മണത്ത് കണ്ടുപിടിക്കാന്‍ കഴിയുന്നു. ഇവയ്‌ക്ക് ചാവേറാക്രമണം പോലും തടയാന്‍ കഴിയുമെന്ന് പോലീസ് പറയുന്നു.
2001ലെ ആക്രമണത്തിനു ശേഷം പല ഘട്ടങ്ങളായി സുരക്ഷാ വലയങ്ങള്‍ നാം തീര്‍ത്തിട്ടുണ്ട്. അതിനാല്‍ അന്നു നടന്ന പോലുള്ള ആക്രമണത്തിന് ഇനി സാധ്യതയും ഇല്ല. എന്നാല്‍, ചാവേറാക്രമണം പൂര്‍ണ്ണമായും തടയാന്‍ ഇതിന് കഴിയില്ല. സ്‌ഫോടകവസ്തു അതീവ രഹസ്യമായി കടത്തി എവിടെങ്കിലും ഒൡപ്പിച്ചാല്‍ അത് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ഇവിടെയാണ് പ്രത്യേക പരിശീലനം നേടിയ നായ്‌ക്കള്‍ പ്രയോജനപ്പെടുന്നത്.
ആരെങ്കിലും സ്‌ഫോടക വസ്തുവിന്മേല്‍ തൊട്ടിട്ടുണ്ടെങ്കില്‍ അതുപോലും ഇവയ്‌ക്ക് കെണ്ടത്താന്‍ കഴിയും. ഇത്തരം നായ്‌ക്കളെ പാര്‍ലമെന്റിന്റെ സുരക്ഷയ്‌ക്ക് വിന്യസിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഇന്‍ഡോ ടിബറ്റന്‍ പോലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഇങ്ങനെ ചെയ്തിരുന്നു. ഇങ്ങനെ പാര്‍ലമെന്റ് സമ്മേളന സമയത്ത് ഇവയെ നിയോഗിക്കുന്നതിനു പകരം പാര്‍ലമെന്റിനു മാത്രമായി ഇത്തരം നായ്‌ക്കളുടെ യൂണിറ്റുകള്‍ രൂപീകരിക്കുകയാണ് ലക്ഷ്യം.















