മഡ്ഗാവ്: പ്രീമിയർ ഫുട്‌സാൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ സ്വന്തം കൊച്ചി ടീം നാളെ മൂന്നാം മത്സരത്തിന്. എതിരാളികൾ മുംബൈ. ഇരുടീമുകളും കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയപ്പോൾ കൊച്ചി 4-1ന് വിജയിച്ചിരുന്നു. ഗ്രൂപ്പ് എയിൽ കൊച്ചി ഇതുവരെ പരാജയമറിഞ്ഞിട്ടില്ല. മുംബൈയെ പരാജയപ്പെടുത്തിയപ്പോൾ ചെന്നൈ ടീമിനോട് 4-4ന് സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പിൽ രണ്ട് കളികളിൽ നിന്ന് നാല് പോയിന്റുമായി കൊച്ചി ഒന്നാമത്.
ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ ചെന്നൈയുമായി ഏറ്റുമുട്ടും. ഇരുടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ വിജയം മുംബൈക്കൊപ്പം. രണ്ടിനെതിരെ നാല് ഗോളുകൾക്ക്. ഫുട്‌സാലിലെ പെലെ എന്നറിയപ്പെടുന്ന ഫാൽക്കാവോയിലാണ് ചെന്നൈ ടീമിന്റെ പ്രതീക്ഷ. രണ്ട് മത്സരങ്ങളിൽ നിന്ന് ഫാൽക്കാവോ നാല് ഗോളുകൾ നേടിയിട്ടുണ്ട്. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു സമനിയും ഒരു പരാജയവുമടക്കം 1 പോയിന്റുള്ള ചെന്നൈ മൂന്നാമത്.
ഇന്നത്തെ മറ്റൊരു മത്സരത്തിൽ ഗോവ കൊൽക്കത്തയുമായി ഏറ്റുമുട്ടും. കഴിഞ്ഞദിവസം ബെംഗളൂരുവിനെ 7-2ന് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഗോവ. റൊണാൾഡീഞ്ഞോ അഞ്ച് ഗോളുകൾ ഈ മത്സരത്തിൽ നേടിയിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ ഗോവ രണ്ടിനെതിരെ നാല് ഗോളുകൾക്ക് കൊൽക്കത്തയോട് പരാജയപ്പെട്ടു. രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി കൊൽക്കത്ത ഗ്രൂപ്പ് ബിയിൽ മുന്നിൽ. ഒരു ജയവും ഒരു തോൽവിയുമടക്കം മൂന്ന് പോയിന്റുള്ള ഗോവ രണ്ടാമത്.
















