ചെന്നൈ: ബ്രസീലിയൻ താരം റാഫേൽ അഗസ്റ്റൂസോ ഈ സീസണിലും ചെന്നൈയിൻ എഫ്‌സിയിൽ തുടരും. കഴിഞ്ഞ വർഷം ടീമിനൊപ്പമുണ്ടായിരുന്ന അഗസ്റ്റൂസോ ചെന്നൈയിൻ എഫ്‌സിയുടെ കിരീടത്തിലേക്കുള്ള കുതിപ്പിൽ നിർണായകഘടകമായിരുന്നു. മധ്യനിരയിൽ മികച്ച പ്രകടനം നടത്തുന്ന അഗസ്റ്റൂസോ കഴിഞ്ഞ വർഷം 12 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും നേടി.
ഇന്ത്യൻ താരവും മിഡ്ഫീൽഡറുമായ ഹർമൻജ്യോത് സിങ് ഖബ്രയെയും ചെന്നൈയിൻ ടീം നിലനിർത്തി. തുടർച്ചയായ മൂന്നാം സീസണിലാണ് ഖബ്ര ചെന്നൈയിൻ ജേഴ്‌സി അണിയുന്നത്. 2014-ൽ 15 മത്സരങ്ങളിലും കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിലും ഈ മിഡ്ഫീൽഡർ ചെന്നൈയിൻ എഫ്‌സിക്കായി ബൂട്ടുകെട്ടി.
അതേസമയം ഗോവ എഫ്‌സി സ്പാനിഷ് താരം ജോഫ്രെ മാറ്റിയുവിനെ നിലനിർത്തി. 2014-ലെ ആദ്യ ഐഎസ്എല്ലിൽ അത്‌ലറ്റികോ കൊൽക്കത്തക്ക് വേണ്ടി കളിച്ച മിഡ്ഫീൽഡർ ജോഫ്രെ കഴിഞ്ഞ സീസണിലാണ് ഗോവയിലേക്ക് കൂടുമാറിയത്. കളിച്ച 12 കളികളിൽ നിന്ന് നാല് ഗോളുകളും 36കാരനായ ജോഫ്രെ മാറ്റിയു ഗൊൺസാലസ് നേടിയിരുന്നു. ഇന്ത്യൻ മുന്നേറ്റനിരതാരം റോബിൻസിങിനെയും ഗോവ ഇത്തവണ സ്വന്തം പാളയത്തിലെത്തിച്ചു.
കഴിഞ്ഞ സീസണിൽ ദൽഹി ഡൈനാമോസ് താരമായിരുന്ന റോബിൻസിങ് 13 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടി. 2012 മുതൽ ഇന്ത്യൻ ടീമിന്റെ ഭാഗമായ റോബിൻസിങിന്റെ വരവ് ഗോവ എഫ്‌സി മുന്നേറ്റനിരക്ക് കൂടുതൽ കരുത്തു പകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: