ഇംഗ്ലïിനെതിരായ ആദ്യ ടെസ്റ്റ് വിജയിച്ച പാക് ടീം അംഗങ്ങള്‍
പുഷ് അപ്പ് എടുത്ത് ആഹ്ലാദം പ്രകടിപ്പിക്കുന്നു
ലോർഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ പാക്കിസ്ഥാന് തകർപ്പൻ വിജയം. 75 റൺസിനാണ് സന്ദർശകരായ പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്‌സിൽ ഇംഗ്ലണ്ടിനെ തകർത്തത്. ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പരയിൽ പാക്കിസ്ഥാൻ 1-0ന് മുന്നിലെത്തി. രണ്ടാം ഇന്നിങ്‌സിൽ 283 റൺസിന്റെ വിജയലക്ഷ്യത്തെ പിന്തുടർന്ന ഇംഗ്ലണ്ടിനെ 207 റൺസിന് പാക്കിസ്ഥാൻ ബൗളർമാർ എറിഞ്ഞിട്ടു. ഒരു ദിവസത്തിലേറെ ബാക്കിനിൽക്കേയാണ് പാക്കിസ്ഥാന്റെ വിജയം. നീണ്ട 20 വർഷത്തിനുശേഷമാണ് പാക്കിസ്ഥാൻ ലോർഡ്‌സിൽ ഒരു ടെസ്റ്റ് ജയിക്കുന്നത്. സ്‌കോർ ചുരുക്കത്തിൽ: പാക്കിസ്ഥാൻ 339, 215. ഇംഗ്ലണ്ട് 272, 207.
സ്പിന്നർ യാസിർ ഷായുടെ മിന്നുന്ന ബൗളിങാണ് ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന് വിജയം സമ്മാനിച്ചത്. ആദ്യ ഇന്നിങ്‌സിൽ ആറ് വിക്കറ്റുകൾ വീഴ്‌ത്തിയ യാസിർ രണ്ടാം ഇന്നിങ്‌സിൽ നാല് വിക്കറ്റുകളും പിഴുതു. ആദ്യമായാണ് യാസിർ ഷാ ടെസ്റ്റ് ക്രിക്കറ്റിൽ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. യാസിർ ഷാ തന്നെയാണ് മാൻ ഓഫ് ദി മാച്ച്.
ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിൽ 48 റൺസെടുത്ത ജോണി ബെയർസ്‌റ്റോവാണ് ടോപ് സ്‌കോറർ. ഗാരി ബല്ലാൻസ് 43ഉം ജെയിംസ് വിൻസ് 42ഉം റൺസെടുത്തു.ഇവരെ കൂടാതെ അലക്‌സ് ഹെയ്ൽസും (16) ക്രിസ് വോക്ക്‌സും (23) മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്നത്. യാസിർ ഷാക്ക് പുറമെ രാഹത് അലി മൂന്നും മുഹമ്മദ് ആമിർ രണ്ടും വഹാബ് റിയാസ് ഒന്നും വിക്കറ്റുകൾ വീഴ്‌ത്തി. രണ്ടാം ടെസ്റ്റ് 22 മുതൽ മാഞ്ചസ്റ്ററിൽ നടക്കും.
വിജയത്തിനുശേഷം വ്യത്യസ്ത രീതിയിലുള്ള ആഹ്ലാദ പ്രകടനത്തിനും ലോർഡ് ക്രിക്കറ്റ് സ്‌റ്റേഡിയം സാക്ഷ്യംവഹിച്ചു. പട്ടാള ശൈലിയിൽ സല്യൂട്ട് നൽകിയും മൈതാനത്ത് പുഷ് അപ് എടുത്തുമാണ് പാക്കിസ്ഥാൻ ടീം അംഗങ്ങൾ വിജയം ആഘോഷിച്ചത്. വെറ്ററൻ താരം യൂനിസ് ഖാന്റെ നേതൃത്വത്തിലായിരുന്നു പാക്ക് ടീമംഗങ്ങളുടെ വ്യത്യസ്തമായ വിജയാഘോഷം. ഇംഗ്ലണ്ട് പര്യടനത്തിനുമുൻപായി പാക്കിസ്ഥാനിലെ സൈനിക ക്യാംപിൽ പാക്ക് താരങ്ങൾക്ക് പരിശീലനം ഒരുക്കിയിരുന്നു. മൽസരശേഷം യൂനിസ് ഖാന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ബൗണ്ടറി ലൈനിനരികിൽ നിരന്നുനിന്ന പാക്ക് ടീമംഗങ്ങൾ ഒന്നാകെ ഗ്രൗണ്ടിൽ നിരന്നു കിടന്ന് പുഷ് അപ് എടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: